ന്യൂഡൽഹി: ഡൽഹിയിലെ വസന്തകാലം ഇനി കൂടുതൽ മിഴിവിൽ. രാഷ്ട്രപതിഭവനിലെ ‘അമൃത് ഉദ്യാൻ’ സന്ദർശകർക്കായി തുറന്നു. പണ്ട് മുഗൾ ഗാർഡൻ എന്നറിയപ്പെട്ടിരുന്ന അമൃത് ഉദ്യാൻ മാർച്ച് 30 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും.
പ്രൗഢഗംഭീരമായ രാഷ്ട്രപതി ഭവനിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഈ ഉദ്യാനം പ്രകൃതിസ്നേഹികളും ഫോട്ടോഗ്രാഫി പ്രേമികളും ഒരുപോലെ സന്ദർശിക്കേണ്ട സ്ഥലമാണ്.
അമൃത ഉദ്യാൻ സന്ദർശിക്കേണ്ട സമയം അറിയാം…
ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ആളുകൾക്ക് അമൃത് ഉദ്യാൻ സന്ദർശിക്കാനാവുക. തിങ്കളാഴ്ച ദിവസങ്ങൾ അറ്റകുറ്റപ്പണികൾക്കായി നീക്കിവച്ചിരിക്കുകയാണ്. രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെയാണ് സന്ദർശന സമയം. രാഷ്ട്രപതി ഭവനിൽ നടക്കുന്ന സന്ദർശക സമ്മേളനം കാരണം ഫെബ്രുവരി 20 മുതൽ 21 വരെ അമൃത് ഉദ്യാൻ അടച്ചിരിക്കും. ഹോളി ദിനമായ മാർച്ച് 14നും അമൃത് ഉദ്യാനിൽ സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.
അമൃത് ഉദ്യാനത്തിനുള്ളിലെ സന്ദർശനം സുഗമമാക്കുന്നതിനായി ഓരേ ദിവസവും വ്യത്യസ്തരായ ആളുകൾക്കായി മാറ്റി വച്ചിട്ടുണ്ട്..
- മാർച്ച് 26: ഭിന്നശേഷിക്കാർ
- മാർച്ച് 27: പ്രതിരോധം, അർദ്ധസൈനിക വിഭാഗം, പോലീസ് ഉദ്യോഗസ്ഥർ
- മാർച്ച് 28: സ്ത്രീകളും ആദിവാസി സ്ത്രീകളും സ്വയം സഹായ സംഘങ്ങൾ (എസ്എച്ച്ജി)
- മാർച്ച് 29: മുതിർന്ന പൗരന്മാർ
എങ്ങനെയാണ് അമൃത് ഉദ്യാൻ സന്ദർശിക്കുകയെന്ന് അറിയാം… ടിക്കറ്റിന്റെയും പ്രവേശനത്തിന്റെയും വിശദാംശങ്ങൾ ഇതാ..
അമൃത് ഉദ്യാനിലേക്കുള്ള പ്രവേശനം എല്ലാവർക്കും സൗജന്യമാണ്. പക്ഷേ ഡൽഹിയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആകർഷണങ്ങളിൽ ഒന്നായതിനാൽ തന്നെ, സന്ദർശകർ മുൻകൂട്ടി ഇവിടേയ്ക്കായി റിസർവ് ചെയ്യണം. പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും പ്രത്യേക പ്രവേശന ദിവസങ്ങളിലും സന്ദർശിക്കാൻ പദ്ധതിയിടുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. റിസർവേഷനു വേണ്ടി, visit.reshtrapatibhavan.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്ത് സൗജന്യ ടിക്കറ്റ് നേടാം. സന്ദർശകർക്ക് സൗജന്യ വാക്ക്-ഇൻ എൻട്രിയും നടത്താം.
അമൃത് ഉദ്യാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിധം:
- രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
- മുഗൾ ഗാർഡൻ സന്ദർശനത്തിനുള്ള (ഉദ്യാനോത്സവ്) ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ആവശ്യമായ വിശദാംശങ്ങൾ നൽകുക (പേര്, സന്ദർശന തീയതി മുതലായവ).
- രജിസ്‌ട്രേഷനായി സാധുവായ ഒരു ഫോട്ടോ ഐഡി അപ്ലോഡ് ചെയ്യുക.
- നിങ്ങളുടെ ഡിജിറ്റൽ എൻട്രി പാസ് സ്ഥിരീകരിച്ച് ഡൗൺലോഡ് ചെയ്യുക.
ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ അമൃത് ഉദ്യാനിൽ എങ്ങനെ എത്തിച്ചേരാം
മെട്രോയിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന സന്ദർശകർക്ക് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ വെറും 2 കിലോമീറ്റർ അകലെയുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനും വെറും 2 കിലോമീറ്റർ അകലെയുള്ള ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനുമാണ്. സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 4 മുതൽ ഗാർഡൻ പ്രവേശന കവാടം വരെ ദിവസവും രാവിലെ 9:30 നും വൈകുന്നേരം 6:00 നും ഇടയിൽ ഒരു സൗജന്യ ഷട്ടിൽ സർവീസും ഉണ്ട്.
- സന്ദർശകർ നോർത്ത് അവന്യൂ റോഡിലെ 35-ാം നമ്പർ ഗേറ്റ് വഴി പ്രവേശിക്കണം.
- ഓൺലൈൻ ബുക്കിംഗുകൾക്ക് ഒരു മൊബൈൽ നമ്പർ ആവശ്യമാണ്. ഒരൊറ്റ മൊബൈൽ നമ്പറിൽ 30 സന്ദർശകർക്ക് വരെ ബുക്ക് ചെയ്യാൻ കഴിയും.
- വാക്ക്-ഇൻ സന്ദർശകർ ഇൻഫർമേഷൻ സെന്ററിലോ സെൽഫ് സർവീസ് കിയോസ്‌കുകളിലോ രജിസ്റ്റർ ചെയ്യണം.
- മൊബൈൽ ഫോണുകൾ അനുവദനീയമാണ്, എന്നാൽ ക്യാമറകൾ, ഭക്ഷണ സാധനങ്ങൾ, ബാക്ക്പാക്കുകൾ, പുകയില ഉൽപ്പന്നങ്ങൾ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു.
Discussion about this post