ഷിംല: നടി, നിർമാതാവ്, സംവിധായിക എന്നീ നിലകളിൽ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് കങ്കണ റണാവത്ത്. സാമൂഹിക കാര്യങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയാൻ എന്നും കരുത്ത് കാട്ടിയിട്ടുള്ള കങ്കണ, ബിജെപിയുടെ കരുത്തുറ്റ വനിതാ നേതാവും ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എംപിയുമാണ്. ഇപ്പോഴിതാ തന്റേതായി പുതിയതായൊരു സംരംഭത്തിനുകൂടി തുടക്കമിട്ടിരിക്കുകയാണിപ്പോൾ കങ്കണ.
സ്വന്തമായി ഒരു കഫേ ആരംഭിച്ച സന്തോഷവാർത്ത ഇന്നലെയാണ് കങ്കണ പങ്കുവച്ചത്. ‘മൗണ്ടെയ്ൻ സ്റ്റോറി’ എന്ന പേരിൽ ഹിമാലയൻ താഴ്വരയിലാണ് പുതിയ സംരംഭം കങ്കണ ആരംഭിച്ചിരിക്കുന്നത്. കഫെയുടെ ഫസ്റ്റ് ലുക്ക് ചിത്രം കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. കഫേ പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
‘കുട്ടിക്കാലത്തെ എന്റെ സ്വപ്‌നത്തിന് ജീവൻ വച്ചിരിക്കുന്നു. ഹിമാലയത്തിന്റെ മടിത്തട്ടിൽ എന്റെ കഫേ. ദി മൗണ്ടെയ്ൻ സ്‌റ്റോറി. ഇതൊരു സ്‌നേഹത്തിന്റെ കഥയാണ്’- എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ചത്.
പരമ്പരാഗത ഹിമാചൽ വസ്ത്രമണിഞ്ഞ് ആട്ടിൻ കൂട്ടങ്ങൾക്കിടയിലൂടെ കഫേയ്ക്ക് അകത്തേക്ക് പ്രവേശിക്കുന്ന കങ്കണയെ ആണ് വീഡിയോയിൽ കാണുന്നത്. കഫേയ്ക്ക് അകത്തേക്ക് പ്രവേശിച്ച കങ്കണയെ റിസപ്ഷനിൽ സ്റ്റാഫുകൾ ചേർന്ന് സ്വീകരിക്കുന്നു. ആരെയും ആകർഷിക്കുന്ന തരത്തിൽ അതിമനോഹരമായതാണ് കഫേ. വളരെ മനോഹരമായ പെയ്ന്റിംഗുകളും
വിവിധ തരം ഫർണിച്ചറുകളും അലങ്കാര വിളക്കുകളും മനോഹരമായ പാചകസ്ഥലങ്ങളും കൊണ്ട് ഇന്റീരിയർ മനോഹരമാക്കിയിരിക്കുന്നു.
വീഡിയോയുടെ പശ്ചാത്തലത്തിൽ കങ്കണയുടെ ശബ്ദവും കേൾക്കാം. പണ്ട് അമ്മ വീട്ടിൽ ഉണ്ടാക്കി തന്ന ഭക്ഷണവും കുട്ടിക്കാലത്തെ ആ ഓർമകളുമാണ് ഈ കഫേ എന്ന ആശയത്തിനു പിന്നിലെന്ന് വീഡിയോയിൽ കങ്കണ പറയുന്നു. കഫേയിലെ പലതരത്തിലുള്ള ഭക്ഷണവിഭവങ്ങളും ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ആളുകളെയും വീഡിയോയിൽ കാണുന്നു. വാലന്റൈൻസ് ഡേയായ ഫെബ്രുവരി 14-നാണ് കഫേയുടെ ഉദ്ഘാടനം.
തടി കൊണ്ട് ഇന്റീരിയർ ചെയ്തുകൊണ്ടുള്ള ഹോംലി ഹിൽ സ്‌റ്റൈൽ കഫേയാണ് കങ്കണയുടേത്. കഫേയ്ക്ക് ഉള്ളിലും പുറത്തുമായി സീറ്റുകൾ ഒരുക്കിയിരിക്കുന്നു.
കഫേയുടെ വീഡിയോയ്ക്ക് ഒപ്പം, മറ്റൊരു വീഡിയോയും കങ്കണ പങ്കുവച്ചിരുന്നു. ലോകമെമ്പാടുമുള്ള യാത്രകളിൽ താൻ കണ്ടെത്തിയതും ഇഷ്ടപ്പെട്ടതുമായ വിഭവങ്ങൾ വിളമ്പുന്ന ഒരു കഫേ തുറക്കാനുള്ള തന്റെ സ്വപ്നത്തെക്കുറിച്ച് കങ്കണ പറയുന്നതാണ് വീഡിയോ. 2013-ൽ നടത്തിയ ന്യൂസ്18 ആക്ട്രസസ് റൗണ്ട്ടേബിൾ പരിപാടിയിലേതാണ് ദൃശ്യങ്ങൾ.
കങ്കണ കഫേ തുടങ്ങുമ്പോൾ ആദ്യ അതിഥിയായി തന്നെ വിളിക്കണമെന്ന് നടി ദീപിക പദുക്കോൺ അന്ന് പറയുന്നതും വീഡിയോയിൽ കാണാം. ദീപികയായിരിക്കണം തന്റെ ആദ്യ ക്ലൈന്റെന്ന് പറഞ്ഞുകൊണ്ടാണ് കങ്കണ ഈ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ പുറത്ത് വന്നതോടെ, നിരവധി പേരാണ് കഫേയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ദീപിക വരുമോ എന്ന ചോദ്യവും നിരവധി പേർ ചോദിച്ചിട്ടുണ്ട്.
Discussion about this post