ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വ്യോമസേനാ വിമാനം തകർന്നുവീണു. ശിവപുരി ജില്ലയിൽ വൈകീട്ടോടെയായിരുന്നു സംഭവം. മിറാഷ് 2000 പരിശീലന വിമാനം ആണ് തകർന്നത്. സംഭവ സമയം വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റുമാർ സുരക്ഷിതരാണെന്നാണ് വിവരം.
പരിശീലന പറക്കലിനിടെ ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് സൂചന. സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ വ്യേമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷമേ അപകടത്തിന്റെ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
അപകടം ഉണ്ടായ വിവരം വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. വ്യോമസേന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയായിരുന്നു അപകടത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ചത്. ‘ നിത്യേനയുള്ള പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിറാഷ് 2000 വിമാനം തകരുകയുണ്ടായി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെ ശിവപുരി ജില്ലയിൽ ആയിരുന്നു സംഭവം. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നായിരുന്നു അപകടം. സംഭവ സമയം വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരായി പുറത്തുകടന്നു. അപകടം ഉണ്ടായതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വ്യോമസേന ട്വിറ്ററിൽ കുറിച്ചു.സംഭവത്തിന് പിന്നാലെ അധികൃതർ പ്രദേശത്ത് എത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഇവർ പരിശോധന നടത്തുകയാണ്.
വ്യോമസേനയുടെ പ്രധാന യുദ്ധവിമാനങ്ങളിൽ ഒന്നാണ് മിറാഷ് 2000. 2019 ലെ ബലാക്കോഠ് പ്രത്യാക്രമണം ഉൾപ്പെടെ വ്യോമസേനയുടെ നിരവധി നിർണായകമായ ദൗത്യങ്ങളിൽ ഈ വിമാനം പങ്കുകൊണ്ടിട്ടുണ്ട്. ഫ്രാൻസിൽ നിന്നാണ് ഇന്ത്യ മിറാഷ് 2000 വിമാനങ്ങൾ സ്വന്തമാക്കിയത്. ഫ്രാൻസിൽ നിന്നാണ് ഇന്ത്യ മിറാഷ് 2000 വിമാനങ്ങൾ സ്വന്തമാക്കിയത്. 1984ൽ ആയിരുന്നു ഫ്രാൻസ് മിറാഷ് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗം ആക്കിയത്. ഇതിന് പിന്നാലെ ഇവ മറ്റ് രാജ്യങ്ങൾക്കും വിൽക്കാൻ തീരുമാനിച്ചു. ഇത്തരത്തിൽ ഇന്ത്യയുൾപ്പെടെയുള്ള 50 രാജ്യങ്ങൾക്കായി 600 മിറാഷ് വിമാനങ്ങളാണ് ഫ്രാൻസ് കൈമാറിയത്.
Discussion about this post