ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ (പിഒകെ) നടന്ന ‘ഇന്ത്യാ വിരുദ്ധ’ സമ്മേളനത്തിൽ പങ്കെടുത്ത ഹമാസ് പ്രതിനിധികൾക്ക് വിഐപി സ്വീകരണം നൽകി ജെയ്ഷെ-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ. റാവൽക്കോട്ടിലെ ഷഹീദ് സാബിർ സ്റ്റേഡിയത്തിലേക്ക് ഹമാസ് ഭീകരർ ആഡംബര എസ്യുവികളിൽ പ്രവേശിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോകളിൽ വ്യക്തമാണ്. ജെയ്ഷെ, ലഷ്‌കർ ഭീകരർ ബൈക്കുകളിലും കുതിരകളിലുമായി റാലി നടത്തി അവരെ ആനയിക്കുന്നതും പുഷ്പവൃഷ്ടി നടത്തുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഫെബ്രുവരി 5 ന് പാകിസ്താൻ, കശ്മീർ ഐക്യദാർഢ്യ ദിനമായി ആചരിക്കുന്ന വേളയിലാണ് വിവാദ സമ്മേളനം നടന്നത്. ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനുള്ള പ്രചാരണ പരിപാടിയാണിത്. ജെയ്ഷെ-ഇ-മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ തൽഹ സെയ്ഫ്, ജെയ്ഷെ കമാൻഡർ അസ്ഗർ ഖാൻ കശ്മീരി എന്നിവരുൾപ്പെടെ കുപ്രസിദ്ധ തീവ്രവാദ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ഇറാനിലെ ഹമാസ് പ്രതിനിധി ഡോ. ഖാലിദ് അൽ-ഖദൂമിയാണ് ഹമാസ് പ്രതിനിധി സംഘത്തെ നയിച്ചത് .
ഇതുവരെ മിഡിൽ ഈസ്റ്റിൽ മാത്രമായി തങ്ങളുടെ ഭീകരപ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരുന്ന ഹമാസ്, പിഒകെയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തത്, തങ്ങളുടെ സ്വാധീനം വികസിപ്പിക്കാനും പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്.ഭീകര സംഘടനകളുടെ നേതാക്കൾക്കായി പാകിസ്താൻ ആതിഥേയത്വം വഹിച്ചപ്പോൾ, കശ്മീർ പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് പാകിസ്ഥാൻ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യയോടുള്ള അഭ്യർത്ഥനയിൽ.പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഒരേദിവസം നടന്ന രണ്ട് സംഭവങ്ങൾ അവരുടെ കാപട്യം തുറന്നുകാട്ടിയെന്നാണ് സോഷ്യൽമീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post