ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയോളം പഴക്കമുള്ള പേരാണ് റോയൽ എൻഫീൽഡ് എന്ന ബ്രാൻഡ്. കുടുകുടി ശബ്ദത്തോടെ രാജകീയമായി വരുന്ന റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് അന്നും ഇന്നും രസകാഴ്ചയാണ്. നവീനമായ ഫീച്ചറുകളുമായി എതിരാളികൾ ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ ജൈത്രയാത്ര തടയാനായിട്ടില്ല.
ഇപ്പോഴിതാ കിടിലൻ എഡിഷനുമായി എത്തിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഐക്കൺ മോട്ടോ സ്‌പോർട്‌സുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത ഷോട്ട്ഗൺ 650 മോട്ടോർ സൈക്കിളിന്റെ ഒരു പ്രത്യേക കസ്റ്റം പതിപ്പാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷൻ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 ഐക്കൺ മോട്ടോർ സ്‌പോർട്ട് എന്ന് വിളിക്കപ്പെടുന്ന ഈ മോഡലിന് 4.25 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇതിന്റെ നൂറ് യൂണിറ്റുകൾ മാത്രമേ ലോകമെമ്പാടും നിർമ്മിച്ച് വിൽക്കുകയുള്ളൂ എന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇന്ത്യയ്ക്ക് ഇതിൽ നിന്നും 25 യൂണിറ്റുകൾ ലഭ്യമാകും. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഫെബ്രുവരി 6 മുതൽ റോയൽ എൻഫീൽഡ് ആപ്പ് വഴി മാത്രം ഈ പ്രത്യേക പതിപ്പ് ബുക്ക് ചെയ്യാം. ഫെബ്രുവരി 12 ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഔദ്യോഗിക വിൽപ്പന ആരംഭിക്കും . അമേരിക്ക, യൂറോപ്പ്, എപിഎസി മേഖല എന്നിവിടങ്ങളിലെ റോയൽ എൻഫീൽഡിൻറെ ഉപഭോക്താക്കൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്കിംഗ് ഓർഡർ നൽകാം. ഓരോ മേഖലയ്ക്കും 25 യൂണിറ്റുകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ.
ത്രീ-ടോൺ നിറങ്ങളിലുള്ള റേസിംഗ്-പ്രചോദിത ഗ്രാഫിക്‌സും നീല നിറത്തിലുള്ള ഷോക്ക് സ്പ്രിംഗുകളും ഗോൾഡ് കോൺട്രാസ്റ്റ് കട്ട് റിമ്മുകളും ഉൾപ്പെടെയുള്ള കസ്റ്റം ബിൽഡുമായി ചേരുന്ന പ്രത്യേക ഭാഗങ്ങളും ഈ എഡിഷന്റെ പ്രത്യേകതകളാണ്. റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 ലിമിറ്റഡ് എഡിഷന്റെ ഓരോ യൂണിറ്റിനുമൊപ്പം, വാങ്ങുന്നവർക്ക് ഐക്കൺ രൂപകൽപ്പന ചെയ്ത സഹകരണത്തിൽ നിന്നുള്ള ഒരു സ്ലാബ്ടൗൺ ഇന്റർസെപ്റ്റ് റോയൽ എൻഫീൽഡ് ജാക്കറ്റ് ലഭിക്കും. തുകൽ ആപ്ലിക്കുകളും എംബ്രോയ്ഡറിയും ഉള്ള സ്യൂഡും ടെക്‌സ്‌റ്റൈലും ഉപയോഗിച്ചാണ് ഈ എക്‌സ്‌ക്ലൂസീവ് ജാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷനിൽ 47 ബിഎച്ച്പി പരമാവധി പവറും 52 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന അതേ 648 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്. സാധാരണ മോഡലിന് സമാനമായി, സ്‌പെഷ്യൽ എഡിഷനിൽ ഷോവ സസ്പെൻഷൻ സജ്ജീകരണവും 320 എംഎം ഫ്രണ്ട്, 300 എംഎം റിയർ ഡിസ്‌ക് ബ്രേക്കുകളുമുണ്ട്. ഡ്യുവൽ-ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സ്റ്റാൻഡേർഡായി വരുന്നു.
Discussion about this post