ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ബ്രഹ്‌മപുത്ര നദിയിൽ നിർമ്മിക്കാനൊരുങ്ങുകയാണ് ചൈന. അഭിമാന പദ്ധതിയായി ചൈന കൊട്ടിഘോഷിക്കുന്ന ഈ പദ്ധതി പക്ഷെ ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ ചൈനയുടെ അണക്കെട്ട് സൃഷ്ടിക്കാൻ പോകുന്ന ഭവിഷ്യത്തുകൾ വാർത്തയായി കഴിഞ്ഞു. ഭൂമിയുടെ ഭ്രമണം പോലും ഈ അണക്കെട്ട് മന്ദഗതിയിൽ ആക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ അത് മനുഷ്യ ജീവിതത്തെ സാരമായി തന്നെ ബാധിക്കും.
ഇന്ത്യയിലൂടെ ഒഴുകുന്ന ബ്രഹ്‌മപുത്ര നദിയിലാണ് ചൈന ഈ സാഹസത്തിന് മുതിരുന്നത് എന്നാണ് ശ്രദ്ധേയമായ കാര്യം. ഇതിൽ വലിയ ആശങ്ക ഇന്ത്യയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഇതിനെതിരായ നീക്കങ്ങളും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. നദിയിൽ ചൈന നടത്തുന്ന ഓരോ ചുവടുവയ്പ്പും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം പാർലമെന്റിൽ ചൈനയുടെ അണക്കെട്ട് നിർമ്മാണത്തെക്കുറിച്ച് പ്രതിപക്ഷം ആശങ്കയുയർത്തിയിരുന്നു. ഇതിന് നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. നയതന്ത്ര മാർഗ്ഗങ്ങൾ വഴി ചൈനയുമായി അടിയ്ക്കടി ബന്ധപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും വ്യക്തമാക്കി.
ബ്രഹ്‌മപുത്ര നദിയിൽ ചൈന അണക്കെട്ട് നിർമ്മിക്കാൻ പോകുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ടിബറ്റിന്റെ സ്വയംഭരണ മേഖലയായ യാർലുംഗ് സാംഗ്‌പോയിലാണ് ഇത് നിർമ്മിക്കുന്നത്. 2006 ൽ സ്ഥാപിതമായ വിദഗ്ധതല സംവിധാനം വഴിയും നയതന്ത്ര മാർഗ്ഗങ്ങൾ വഴിയും ചൈനയുമായി ഇതേക്കുറിച്ച് ഇന്ത്യ ചർച്ച നടത്തുന്നുണ്ടെന്നും കീർത്തി വർദ്ധൻ അറിയിച്ചു.
കഴിഞ്ഞ മാസമാണ് ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാൻ പോകുന്ന വിവരം ചൈന പുറത്തുവിട്ടത്. 11.67 ലക്ഷം കോടി രൂപ ചിലവിട്ടാണ് ചൈന അണക്കെട്ട് നിർമ്മിക്കുന്നത്. ജലവൈദ്യുത അണക്കെട്ടാണ് ഇത്. ഇവിടുത്തെ നദിയുടെ താഴ്ഭാഗത്തായി നിരവധി പേരാണ് തിങ്ങിപ്പാർക്കുന്നത്. ഇവരെ ഈ നിർമ്മാണം സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. പതിവായുള്ള ഭൂചലനങ്ങൾക്കും ഇത് കാരണമായേക്കാം. ഇതേ തുടർന്ന് നിരവധി രാജ്യങ്ങൾ ഇതിൽ ആശങ്കയുയർത്തിയിരുന്നു.
എന്നാൽ അണക്കെട്ട് ഒരു രാജ്യങ്ങൾക്കും ദോഷമുണ്ടാക്കില്ലെന്നാണ് ചൈന പറയുന്നത്. സമഗ്രവും ശാസ്ത്രീയവുമായ വിലയിരുത്തലിന് ശേഷമാണ് പ്രദേശത്ത് അണക്കെട്ട് നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ വ്യക്തമാക്കുന്നത്. നദിയുടെ അടിത്തട്ടിലുള്ള രാജ്യങ്ങളുടെ പരിസ്ഥിതി, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ജല ശ്രോതസ്സുകളുമായി ബന്ധപ്പെട്ട അവകാശം എന്നിവയെ അണക്കെട്ട് ബാധിക്കുകയില്ലെന്നും ഗുവോ കൂട്ടിച്ചേർത്തു.
Discussion about this post