ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്കയിലേക്ക്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. ഈ മാസം 12,13 തീയതികളിലാണ് മോദി അമേരിക്ക സന്ദർശിക്കുന്നത് എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മോദിയുടെ സന്ദർശനം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ ഊർജവും ദിശാബോധവും നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പത്രസമ്മേളനത്തിൽ പറഞ്ഞു. യുഎസ് സന്ദർശനത്തിന് മുൻപ് , നരേന്ദ്ര മോദി ഫെബ്രുവരി 10 മുതൽ 12 വരെ ഫ്രാൻസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം AI ആക്ഷൻ ഉച്ചകോടിയിൽ സഹ-അധ്യക്ഷത വഹിക്കും. ഇവിടെ നിന്നായിരിക്കും അദ്ദേഹം അമേരിക്കയിലേക്ക് പോവുകയെന്നാണ് വിവരം.
വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി തീരുവയിലടക്കം പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച നടക്കുമെന്നാണ് കരുതുന്നത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം, പ്രധാനമന്ത്രി നരേന്ദ്രമോദി, ട്രംപുമായി ഫോണിൽ സംസാരിച്ചിരുന്നു. ജനുവരി 29നായിരുന്നു ഇരുവരുടെയും സൗഹൃദസംഭാഷണം. ഇതിന് ശേഷം അദ്ദേഹവുമായി സംസാരിച്ചു. അടുത്ത മാസം, ഫെബ്രുവരിയിൽ അദ്ദേഹം വൈറ്റ് ഹൗസിൽ ഉണ്ടാകും.’ ട്രംപ് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘വളരെ നല്ലതാണെന്നും’ ട്രംപ് വിശേഷിപ്പിച്ചിരുന്നു











