ബംഗളൂരു: ഇന്‍ഫോസിസില്‍ ഒറ്റത്തവണ 400 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. 700ഓളം ട്രെയിനികളില്‍ 400 പേരെയാണ് മൂന്ന് പരീക്ഷകള്‍ക്ക് ശേഷം പിരിച്ചുവിട്ടത്. 2024 ഒക്ടോബറിലാണ് ഇവരെ മൈസൂരു ക്യാമ്പസില്‍ ജോലിക്കായെടുത്തത്. ട്രെയിനിംഗിന് ശേഷം നടത്തിയ പരീക്ഷയില്‍ 50 ശതമാനത്തോളം പേര്‍ തോല്‍ക്കുകയായിരുന്നു. സിസ്റ്റം എഞ്ചിനീയേഴ്‌സ് (SE), ഡിജിറ്റല്‍ സ്‌പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്‌സ് (DSE) തസ്തികകളിലെ ട്രെയിനികള്‍ക്ക് നേരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാര്‍ത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നല്‍കുകയായിരുന്നു. പരീക്ഷ പാസ്സാകാത്തതിനാല്‍ പിരിച്ച് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു.
മൂന്ന് ഘട്ടമായി അവസരം നല്‍കിയ ശേഷമാണ് ഇവരെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട് . രണ്ടര വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്‍ഫോസിസ് ട്രെയിനികളെ തിരഞ്ഞെടുത്തത്.
‘ഇന്‍ഫോസിസില്‍ ഞങ്ങള്‍ക്ക് കര്‍ശനമായൊരു തിരഞ്ഞെടുപ്പ് പ്രക്രിയയുണ്ട്. മൈസൂരൂ ക്യാമ്പസില്‍ പരിശീലനശേഷം ഇന്റേണല്‍ അസസ്മെന്റ് നടത്തി. പാസാകാന്‍ എല്ലാ ട്രെയിനികള്‍ക്കും മൂന്ന് അവസരം നല്‍കി. അത് പരാജയപ്പെട്ടാല്‍ കരാറില്‍ പറയുംപോലെ കമ്പനിയില്‍ തുടരാന്‍ അവര്‍ക്കാകില്ല.
‘ കമ്പനി തങ്ങളുടെ ഭാഗം ന്യായീകരിച്ചു. പരീക്ഷ പാസാവാത്തവരെ 50 പേരെ വീതം വിളിച്ച് വേര്‍പിരിയുന്നതിനുള്ള രേഖയില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ഇന്ന് ആറ് മണിയ്ക്ക് ശേഷം ഇവര്‍ക്ക് ഓഫീസ് ക്യാമ്പസില്‍ പ്രവേശനമില്ല. അറിയിപ്പില്‍ പറയുന്നു.
തങ്ങളെ ഉടനടി പിരിച്ചുവിടുമെന്നറിഞ്ഞ് പല ട്രെയിനികളും കുഴഞ്ഞുവീണു. സിസ്റ്റം എഞ്ചിനീയര്‍, ഡിജിറ്റല്‍ സ്പെഷ്യലിസ്റ്റ് എഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്ത ട്രെയിനികള്‍ക്കാണ് പെട്ടെന്ന് ജോലി നഷ്ടമായത്. സംഭവത്തില്‍ ഐടി ജീവനക്കാരുടെ സംഘടന പരാതിയുമായെത്തി. കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന് പരാതിനല്‍കുമെന്ന് അവര്‍ അറിയിച്ചു. ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ നല്‍കി തോല്‍പ്പിക്കാനുദ്ദേശിച്ച് നടത്തിയ പരീക്ഷ ആയിരുന്നുവെന്ന് പിരിച്ച് വിടപ്പെട്ടവര്‍ പറയുന്നു. ബൗണ്‍സര്‍മാരെ ഉപയോഗിച്ച് മൊബൈലടക്കം പിടിച്ച് വെച്ചാണ് പിരിച്ച് വിടല്‍ അറിയിപ്പ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.
Discussion about this post