കൊച്ചി: എറണാകുളത്ത് അനധികൃതമായി താമസിച്ചു വന്നിരുന്ന ബംഗ്ലാദേശി കുടുംബം പിടിയില്‍. ഞാറയ്ക്കലില്‍ ഭൂമി വാങ്ങി വര്‍ഷങ്ങളായി താമസിക്കുന്നവരാണ് പിടിയിലായത്. ദമ്പതികളായ ദശരഥ് ബാനര്‍ജി (38), ഭാര്യ മാരി ബിബി (33) മൂന്നും മക്കളമാണ് പിടിയിലായത്. അറസ്റ്റിലായ ദമ്പതികളെ റിമാന്‍ഡ് ചെയ്തു. കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. വ്യാജ ജനനസര്‍ട്ടിഫിക്കറ്റാണ് ഇവരെ കുടുക്കിയത്.
ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കുടുംബം പിടിയിലാകുന്നത്. ജില്ലയില്‍ ഈ വര്‍ഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37 ആയി. ബംഗാളില്‍ നിന്ന് വ്യാജമായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സ്വന്തമാക്കിയ ശേഷം കേരളത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വ്യാജ രേഖകളുമായി കേരളത്തിലെത്തിയ ദമ്പതിമാര്‍ പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റര്‍ ചെയ്ത് താമസിക്കുകയായിരുന്നു. ഇവരില്‍നിന്ന് കേരളത്തില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ പകര്‍പ്പ്, വാര്‍ഡ് മെമ്പര്‍ നല്‍കിയ സാക്ഷ്യപത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, എസ്ഐമാരായ അഖില്‍ വിജയകുമാര്‍, ലാലന്‍, ഹരിചന്ദ്, എഎസ്ഐമാരായ സ്വപ്ന, റെജി എ തങ്കപ്പന്‍, എസ്സിപിഒമാരായ മിറാജ്, സുനില്‍ കുമാര്‍, സിപിഒമാരായ ശ്രീകാന്ത്, ആന്റണി ഫ്രെഡി, ശ്യാംകുമാര്‍, ഐശ്വര്യ, എച്ച്ജി വേണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അനധികൃതമായി കൊച്ചിയില്‍ താമസിച്ച് ജോലി ചെയ്ത് വരുകയായിരുന്ന 27 ബംഗ്ലാദേശി പൗരന്‍മാരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.മറ്റൊരു രാജ്യത്തെ പൗരന്‍ ഇവിടെ നുഴഞ്ഞു കയറി ഒറിജിനല്‍ ആധാര്‍ കാര്‍ഡ് വരെ സംഘടിപ്പിച്ചത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണെന്ന് വിലയിരുത്തലുകള്‍ വന്നിരുന്നു.
മുനമ്പത്ത് നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ 27 പേരും ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബര്‍ ക്യാംപില്‍ താമസിച്ച് വരുകയായിരുന്നു. നിരവധി ബംഗ്ലാദേശികള്‍ കൊച്ചിയില്‍ എത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ആരംഭിച്ച ‘ഓപ്പറേഷന്‍ ക്ലീന്‍’ എന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് നടപടികള്‍.
Discussion about this post