ന്യൂഡൽഹി; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ചെയർമാനുമായ അരവിന്ദ് കെജ്രിവാളിന് നാണം കെട്ട തോൽവി. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേശ് സാഹിബ് സിംഗാണ് കെജ്രിവാളിനെ മലർത്തിയടിച്ചത്. ആദ്യഫലസൂചനകൾ പുറത്ത് വരുമ്പോൾ തന്നെ ബിജെപി സ്ഥാനാർത്ഥിക്കായിരുന്നു മുൻതൂക്കം ഇടയ്ക്ക് കെജ്രിവാൾ രക്ഷപ്പെടുമെന്ന് കരുതിയെങ്കിലും അവസാന വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 1844 വോട്ടിന് ബിജെപി അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു.
കെജ്രിവാൾ 20190 വോട്ട് നേടിയപ്പോൾ പർവേശ് 22034 വോട്ടും നേടി. മൂന്നാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 3503 വോട്ടും കെജ്രിവാളിന്റെ പരാജയത്തിൽ നിർണായകമായി. 2013-ൽ ഷീലാ ദീക്ഷിതിനെ തോൽപിച്ചായിരുന്നു കെജ്രിവാളിന്റെ വരവ്..അരവിന്ദ് കെജ്രിവാളിനെ കൂടാതെ,ആംആദ്മിയുടെ പ്രധാനമുഖമായിരുന്നു മനീഷ് സിസോദിയയും തോറ്റു. 572 വോട്ടിനായിരുന്നു സിസോദിയയുടെ തോൽവി. ബി.ജെ.പിയുടെ തർവീന്ദർ സിങ്ങാണ് ഇവിടെ വിജയിച്ചത്. മനീഷ് സിസോദിയ 34060 വോട്ട് നേടിയപ്പോൾ തർവീന്ദർ 34632 വോട്ട് നേടി.
ഇതിനിടെ ഡൽഹിയിൽ ബി ജെ പി കേന്ദ്രങ്ങളിൽ ആഘോഷം തുടങ്ങി. നിലവിൽ 47 സീറ്റുകളിലാണ് പാർട്ടി ലീഡ് ചെയ്യുന്നത്. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യം 35 സീറ്റുകളാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡാണ് ബി ജെ പിക്ക് ലഭിച്ചത്. പോസ്റ്റൽ വോട്ടുകളിലും പാർട്ടിക്ക് മുന്നേറാൻ സാധിച്ചിരുന്നു.എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ഇക്കുറി ഡൽഹിയിൽ ബി ജെ പി വിജയമാണ് പ്രവചിച്ചത്. മിക്ക സർവ്വേകളും 50 സീറ്റുകൾ വരെ സാധ്യത പ്രവചിച്ചിരുന്നു. 27 വർഷങ്ങൾക്ക് ശേഷമാണ് രാജ്യതലസ്ഥാനം താമരക്കാലത്തിന് വഴിയൊരുക്കുന്നത്.
Discussion about this post