ന്യൂഡൽഹി; ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുകയാണ്. 70 മണ്ഡലങ്ങളിൽ 48 ലും വിജയിച്ച് ബിജെപി അധികാരത്തിലെത്തിയിരിക്കുകയാണ്. ഒരുപതിറ്റാണ്ടുകാലം രാജ്യതലസ്ഥാനത്തെ ഭരിച്ച ആംആദ്മി പാർട്ടിയെ തൂത്തെറിഞ്ഞാണ് ബിജെപിയുടെ തേരോട്ടം. ആംആദ്മി 22 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി. ആംആദ്മിയ്ക്ക് ഏറ്റ ക്ഷതത്തിൽ അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാളും ബുദ്ധികേന്ദ്രം മനീഷ് സിസോദിയയും വീണുപോകുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി നേതാവ് പർവേശാണ് കെജ്രിവാളിനെ തോൽപ്പിച്ച് അട്ടിമറി ജയം സ്വന്തമാക്കിയത്. ജംഗ്പുര മണ്ഡലത്തിൽ മനീഷ് സിസോദിയും തോറ്റു. കൽകാജി മണ്ഡലത്തിൽ നിലവിലെ ഡൽഹി മുഖ്യമന്ത്രി.ാ. അതിഷി ജയിച്ചതാണ് അൽപ്പം ആശ്വാസമായത്.
ഡൽഹിയിൽ ആംആദ്മി തോറ്റമ്പി നിൽക്കുമ്പോൾ സ്വന്തം പാർട്ടിക്കെതിരെ പരോക്ഷമായ ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ് രാജ്യസഭ എംപി സ്വാതി മാലിവാൾ. എക്സിലെ ഒരു പോസ്റ്റിൽ മഹാഭാരതത്തിലെ ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു. ”രാവണന്റെ അഹങ്കാരത്തിനു പോലും നിലനിൽപ്പ് ഉണ്ടായിട്ടില്ല” അവർ പറഞ്ഞു.മഹാഭാരതത്തിലെ പാഞ്ചാലി വസ്ത്രാക്ഷേപവും കൗരവസഭയിൽ വച്ച് ദ്രൗപദി അപമാനിതയായപ്പോൾ രക്ഷിക്കാനെത്തുന്ന ശ്രീകൃഷ്ണനുമാണ് ചിത്രത്തിലുള്ളത്.
സ്വന്തം പാർട്ടിയിൽ നിന്ന് താൻ അനുഭവിച്ച,ദുരനുഭവം ഓർമ്മിപ്പിക്കുകയാണ് സ്വാതി. മുഖ്യമന്ത്രിയുടെ വീട്ടിൽ വെച്ച് കെജ്രിവാളിന്റെ സഹായി ബിഭവ് കുമാർ തന്നെ ആക്രമിച്ചുവെന്നായിരുന്നു സ്വാതി മലിവാൾ ആപ്പിനെതിരെ രംഗത്തെത്തിയത്. ബിഭവ് കുമാറിനെതിരെ സ്വാതി മലിവാൾ എഫ്ഐആർ ഫയൽ ചെയ്തതിനു പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തിന് മുൻപേ കെജ്രിവാളിന്റെ അടുത്ത അനുയായി ആയിരുന്നു സ്വാതി. ബിഭവ് അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും. വിഷയത്തിൽ ഇടപെടാതെ നിശബ്ദനായിരുന്ന കേജ്രിവാളിന്റെ നടപടി വിമർശിക്കപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് സ്വാതി മലിവാളിന്റെ നേതൃത്വത്തിൽ മൂന്ന് മിനി ട്രക്കുകളിലെത്തിച്ച മാലിന്യം അരവിന്ദ് കേജ്രിവാളിന്റെ വസതിക്കുമുന്നിൽ തള്ളിയിരുന്നു. ഡൽഹിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്ന നിരന്തര ആവശ്യം അവഗണിച്ചതിനായിരുന്നു മലിവാളിന്റെ വേറിട്ട പ്രതിഷേധം.
Discussion about this post