തച്ചക്കോട് സാസ്‌കാരിക കലാസമിതിയുടെ പരിപാടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ പ്രസംഗത്തെ വിമർശിച്ച് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. പറയാൻ മറന്നതും, സാധിക്കാത്തതുമായ പല പ്രണയവും പലരും പൂർവ്വ വിദ്യാർത്ഥി സംഗമത്തിലൂടെ വെളിപ്പെടുത്തുകയും പിന്നീട് മറ്റു ബന്ധങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നതായാണ് പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഈ പ്രസംഗത്തിൽ പറഞ്ഞത്. ഇതിനോടകം മുപ്പതിലധികം കേസുകൾ തൻറെയടുത്തു വന്നുവെന്നും ചാറ്റിങിലൂടെ പ്രശ്‌നം ഉണ്ടാകുന്നുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ‘സ്റ്റേഷനിൽ ഞാൻ ഇരിക്കുമ്പോൾ ഏറ്റവും കൂടുതൽ വരുന്നത് പൂർവ്വ വിദ്യാർത്ഥി സംഗമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് , ഇതിനോടകം മുപ്പതിലധികം കേസുകൾ എൻറെയടുത്തു വന്നു, ചാറ്റിങിലൂടെ പ്രശ്‌നം ഉണ്ടാകുന്നു, താൽകാലിക സുഖങ്ങളുടെ പുറകെ പോവരുത്. ഞാൻ ഇപ്പോൾ തന്നെ പല കേസുകളും ഒത്തുതീർപ്പാക്കിയെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന. ഇതിനെതിരെയാണ് മുരളി തുമ്മാരുകുടി രംഗത്തെത്തിയത്.
മുരളി തുമ്മാരുകുടി കുറിപ്പ്
സാദാ പോലീസും സദാചാര പോലീസും
‘പൂർവ്വ വിദ്യാർത്ഥി സംഗമം പിന്നെ ചാറ്റിംഗ് ചീറ്റിംഗ് അവിഹിതം, സർവത്ര പ്രശ്‌നം’ പോലീസ് മാമൻ
‘ഞങ്ങൾ പോലീസുകാർ ഉള്ളപ്പോൾ സദാചാര പോലീസ് വേറെ വേണ്ട’ എന്ന മട്ടിലാണ് ചില പോലീസുകാരുടെ പെരുമാറ്റം
നമ്മുടെ സമൂഹം മാറുകയാണ്. നിയമങ്ങളും. വിവാഹേതര ബന്ധങ്ങൾ ക്രിമിനൽ കുറ്റമല്ല എന്ന് സുപ്രീം കോടതി റൂളിംഗ് ഉണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോളം പുതിയ ന്യായസംഹിതയിൽ ഐപിസി 497 ക്ക് തുല്യമായ വകുപ്പില്ല.
അതുകൊണ്ടുതന്നെ ഇഷ്ടപ്പെടുന്നവർ തമ്മിലുള്ള ചാറ്റിംഗും ‘അവിഹിതവും’ ഒന്നും പോലീസിംഗ് വിഷയമല്ല. അതിൽ ഉൾപ്പെട്ടവർ തമ്മിലുള്ള കൺസെന്റ് ആണ് പ്രധാനം. ചീറ്റിംഗ് വിഷയമാകുന്നത് കുടുംബകോടതിയിലാണ് പോലീസ് സ്റ്റേഷനിൽ അല്ല.
‘സർവത്ര പ്രശ്‌നം’ (സദാചാര) പോലീസിലാണ്. അതാണ് തിരുത്തേണ്ടത്, പൂർവ്വ വിദ്യാർത്ഥി സംഗമമോ ചാറ്റിംഗോ അല്ല
Discussion about this post