ലണ്ടൻ : അമേരിക്കയിൽ വീണ്ടും അധികാരത്തിലെത്തിയ ഡൊണാൾഡ് ട്രംപ് സർക്കാരിനെ മാതൃകയാക്കി യുകെയും. അനധികൃത കുടിയേറ്റക്കാർക്ക് എതിരായ നടപടികൾ യുകെ ആരംഭിച്ചു. രാജ്യത്തെ നിയമവിരുദ്ധമായി കുടിയേറിയവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനുമുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. തൊഴിൽ വാഗ്ദാനം നൽകി ചെറിയ ബോട്ടുകളിൽ യുകെയിലേക്ക് നിയമവിരുദ്ധമായി എത്തിക്കുന്ന നിരവധി തൊഴിലാളികളെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുകെയിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബ്രിട്ടനിലെ ലേബർ പാർട്ടി സർക്കാർ രാജ്യത്തുടനീളം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി കർശന പരിശോധനകൾ ആണ് നടപ്പിലാക്കുന്നത്. കുടിയേറ്റ നിയമങ്ങൾ മാനിക്കുകയും നടപ്പിലാക്കുകയും ചെയ്യണമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പേരാണ് യുകെയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞ സർക്കാറുകൾക്ക് ഇവരെ പിടികൂടാനോ നാടുകടത്താനോ സാധിച്ചില്ല. അനധികൃത കുടിയേറ്റത്തിനെതിരെ ഇതുവരെയും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല എന്നും യെവെറ്റ് കൂപ്പർ വ്യക്തമാക്കി. എന്നാൽ പുതിയ ആഗോള സാഹചര്യത്തിൽ യുകെയും അനധികൃത കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുകെയിൽ ഇതുവരെയായി അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ആകെ 1,090 സിവിൽ പെനാൽറ്റി നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുള്ളതായി ഹോം ഓഫീസിലെ എൻഫോഴ്‌സ്‌മെന്റ്, കംപ്ലയൻസ് ആൻഡ് ക്രൈം ഡയറക്ടർ എഡ്ഡി മോണ്ട്ഗോമറി അറിയിച്ചു. പലപ്പോഴും യുകെയിലെ തൊഴിൽ ഉടമകൾ തന്നെയാണ് അനധികൃതമായ രാജ്യത്തെത്തുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. വളരെ ചെറിയൊരു തുക മാത്രം ശമ്പളം നൽകി ഈ തൊഴിലുടമകൾ നിയമവിരുദ്ധ കുടിയേറ്റക്കാരെ ജോലിക്ക് എടുക്കുന്നു. അനധികൃത കുടിയേറ്റത്തിനെതിരായി യുകെ സ്വീകരിക്കുന്ന പുതിയ നടപടികളുടെ ഭാഗമായി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ തൊഴിലുടമകൾക്ക് കനത്ത പിഴ ചുമത്തുന്നതായിരിക്കും. നിയമവിരുദ്ധമായി കുടിയേറിയ ഓരോ ജീവനക്കാരനും 60,000 പൗണ്ട് വരെ പിഴ ചുമത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
അനധികൃത കുടിയേറ്റത്തിനെതിരായി ബ്രിട്ടീഷ് പാർലമെന്റിൽ ഒരു പുതിയ ബില്ലും അവതരിപ്പിച്ചിട്ടുണ്ട്. അതിർത്തി സുരക്ഷ, അഭയം, അനധികൃത കുടിയേറ്റക്കാരെ പുറത്താക്കൽ എന്നിവയാണ് ബിൽ നിർദ്ദേശിക്കുന്നു. ഈ ബിൽ നടപ്പിലാക്കുന്നതാടെ നിരവധി ക്രിമിനൽ സംഘങ്ങളെ ഇല്ലാതാക്കാനും നാടുകടത്താനും കഴിയുമെന്നാണ് ബ്രിട്ടീഷ് സർക്കാർ കരുതുന്നത്. മുൻ സർക്കാരുകൾ അതിർത്തി സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തിരുന്നതാണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകാൻ കാരണമായതെന്ന് കെയർ സ്റ്റാർമർ സർക്കാർ പറയുന്നു. ഇനി ഇക്കാര്യത്തിൽ കർശന നടപടിയെടുക്കും. അനധികൃത കുടിയേറ്റക്കാർക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Discussion about this post