പാരീസ് : പാരീസിൽ നടക്കുന്ന എഐ ആക്ഷൻ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനും അതിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചതിനും തന്റെ സുഹൃത്ത് ആയ പ്രസിഡന്റ് മാക്രോണിനോട് നന്ദി പറയുന്നതായി മോദി അറിയിച്ചു. വിശ്വാസ്യതയും സുതാര്യതയും വർദ്ധിപ്പിക്കുന്ന ഓപ്പൺ സോഴ്‌സ് സംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യൂറോപ്പ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉറുസുല വോൺ ഡെർ ലെയ്ൻ, ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസ് എന്നിവരും എഐ ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുത്തു.
എഐ ആക്ഷൻ ഉച്ചകോടിയിൽ പക്ഷപാതരഹിത ഡാറ്റാ സെറ്റുകൾക്കായി പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.
“പക്ഷപാതമില്ലാതെ ഗുണനിലവാരമുള്ള ഡാറ്റാ സെന്ററുകൾ നമ്മൾ നിർമ്മിക്കണം, സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുകയും ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ആപ്ലിക്കേഷനുകൾ നിർമ്മിക്കുകയും വേണം. സൈബർ സുരക്ഷ, തെറ്റായ വിവരങ്ങൾ, ഡീപ്ഫേക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ നാം പരിഹരിക്കേണ്ടതുണ്ട്. കൂടുതൽ ഫലപ്രദവും ഉപയോഗപ്രദവുമാകുന്നതിന്, സാങ്കേതികവിദ്യ പ്രാദേശിക ആവാസവ്യവസ്ഥയിൽ വേരൂന്നിയതാണെന്ന് നാം ഉറപ്പാക്കണം. നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പോലും എഐ ഇതിനകം തന്നെ പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിൽ മനുഷ്യരാശിയുടെ കോഡ് എഴുതുന്നത് എ ഐ ആണ്” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ വ്യക്തമാക്കി.
പാരീസിലെ ഗ്രാൻഡ് പാലായിസിൽ വെച്ചാണ് എഐ ആക്ഷൻ ഉച്ചകോടി സംഘടിപ്പിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും ചേർന്നാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചത്. എഐയുടെ പോസിറ്റീവ് സാധ്യതകൾ തികച്ചും അത്ഭുതകരമാണെങ്കിലും, നമ്മൾ ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ട നിരവധി പക്ഷപാതങ്ങൾ അതിനുണ്ടെന്ന് മോദി ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. “ഒരു ലളിതമായ പരീക്ഷണത്തോടെ ഞാൻ ആരംഭിക്കാം. നിങ്ങൾ ഒരു എഐ ആപ്പിലേക്ക് നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് അപ്‌ലോഡ് ചെയ്താൽ അത് എന്താണ് അർത്ഥമാക്കുന്നതെന്ന് ലളിതമായ ഭാഷയിൽ അത് നിങ്ങളോട് പറയും. എന്നാൽ ഇടതു കൈകൊണ്ട് എഴുതുന്ന ഒരാളുടെ ചിത്രം സൃഷ്ടിക്കാൻ നിങ്ങൾ അതേ ആപ്പിനോട് ആവശ്യപ്പെട്ടാൽ, പരിശീലന ഡാറ്റയിൽ ആധിപത്യം പുലർത്തുന്നത് വലതു കൈകൊണ്ട് എഴുതുന്ന ആളുകൾ ആയതിനാൽ എഐ സൃഷ്ടിക്കുന്നതും വലതു കൈകൊണ്ട് എഴുതുന്ന ഒരാളെ ആയിരിക്കും. അതിനാൽ തന്നെ വിശ്വാസവും സുതാര്യതയും വർദ്ധിപ്പിക്കുന്ന ഓപ്പൺ സോഴ്‌സ് സംവിധാനങ്ങൾ നാം വികസിപ്പിക്കണം. പക്ഷപാതങ്ങളിൽ നിന്ന് മുക്തമായ ഗുണനിലവാരമുള്ള ഡാറ്റ സെറ്റുകൾ നിർമ്മിക്കണം ” എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി നിരവധി കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ എഐക്ക് കഴിയുമെന്ന് ഉച്ചകോടിയിൽ മോദി അഭിപ്രായപ്പെട്ടു. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യാത്ര എളുപ്പത്തിലും വേഗത്തിലും മാറുന്ന ഒരു ലോകം സൃഷ്ടിക്കാൻ ഇത് സഹായിക്കും. എഐ സാങ്കേതികവിദ്യ ശക്തമാകുമ്പോൾ തൊഴിൽ നഷ്ടത്തെ കുറിച്ചാണ് ചെറിയൊരു വിഭാഗത്തിന് ആശങ്കയുള്ളത്. എന്നാൽ സാങ്കേതികവിദ്യ കാരണം ജോലി അപ്രത്യക്ഷമാകുന്നില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. മറിച്ച് അതിന്റെ സ്വഭാവം മാത്രമേ മാറുന്നുള്ളൂ. എ ഐ അധിഷ്ഠിതമായ ഒരു ഭാവിക്കായി നമ്മൾ ജനങ്ങളെ നൈപുണ്യ വികസനത്തിലും പുനർ നൈപുണ്യ വികസനത്തിലും കൂടുതൽ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടത് എന്നും മോദി വ്യക്തമാക്കി.
Discussion about this post