ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യവും ചൈനീസ് പട്ടാളവും ഏറ്റുമുട്ടിയ ഗാൽവനിലെ യുദ്ധക്കളം സഞ്ചാരികള്‍ക്കായി തുറക്കുന്നു. ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം സ്ഥിതി ചെയ്യുന്ന ലഡാക്കിലെ ഗാൽവാൻ താഴ്‌വര തുറന്നു കൊടുക്കുന്നു. ഇന്ത്യൻ സൈന്യവുമായി കൈകോർത്ത് പ്രതിരോധ മന്ത്രാലയം ഗാൽവൻ താഴ്വരയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്.
2020-ൽ 20 ഇന്ത്യൻ സൈനികരും 42 ചൈനീസ് സൈനികരും കൊല്ലപ്പെട്ട ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ബാറ്റിൽഫീൽഡ് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യും. നിലവിൽ ഗാൽവൻ താഴ്‌വര സന്ദർശിക്കാൻ പ്രദേശവാസികൾക്ക് പോലും അനുവാദമില്ല. ഈ മേഖലയിലെ വിനോദ സഞ്ചാരം സുഗമമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ, സന്ദർശകർക്കുള്ള സൗകര്യങ്ങൾ തയ്യാറാക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ കാര്യങ്ങൾ തയ്യാറാക്കാൻ ലഡാക്ക് ഭരണകൂടം ഇന്ത്യൻ സൈന്യവുമായി സഹകരിച്ച് പ്രവർത്തിച്ചു വരികയാണ്. അതിർത്തി, ഗ്രാമീണ ടൂറിസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക തലത്തിൽ സാമ്പത്തിക ഉന്നമനം കൈവരിക്കാൻ ഈ സംരംഭം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഗാൽവനിലേയ്ക്ക് എത്തുന്ന സന്ദർശകരെ ഉൾക്കൊള്ളുന്നതിനായി രണ്ട് പ്രധാന കേന്ദ്രങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ആണ് റിപ്പോര്‍ട്ടുകള്‍. ഡർബക്കിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്രത്തിൽ കഫറ്റീരിയ, സുവനീർ ഷോപ്പ് എന്നിവ ഉണ്ടാകും. ഏകദേശം 30 വിനോദ സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഡർബക്കിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് രണ്ടാമത്തെ കേന്ദ്രം ഒരുക്കുന്നത്. സമാനമായ സൗകര്യങ്ങൾ ഇവിടെയും ഒരുക്കും.
Discussion about this post