ന്യൂഡൽഹി : അനധികൃത കുടിയേറ്റങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനായി കേന്ദ്രസർക്കാർ പുതിയ നിയമവ്യവസ്ഥകൾ കൊണ്ടുവരും. കുടിയേറ്റ, വിദേശ നയങ്ങൾ വ്യക്തമാക്കുന്ന ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ’ കേന്ദ്രസർക്കാർ ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ ഒരുങ്ങുന്ന പ്രധാനപ്പെട്ട മൂന്ന് ബില്ലുകളിൽ ഒന്നാണ് ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ’.
ആഗോളതലത്തിൽ തന്നെ കുടിയേറ്റത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയും കുടിയേറ്റ, വിദേശ നിയമങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നത്. രാജ്യത്തേക്കുള്ള കുടിയേറ്റക്കാരുടെ പ്രവേശനം നിയന്ത്രിക്കാനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. 1946 ലെ ഫോറിനേഴ്‌സ് ആക്ട്, 1920 ലെ പാസ്‌പോർട്ട് എൻട്രി ഇൻ ഇന്ത്യ ആക്ട്, 1939 ലെ ഫോറിനേഴ്‌സ് രജിസ്ട്രേഷൻ ആക്ട് എന്നിവയുൾപ്പെടെ നിലവിൽ ഒന്നിലധികം നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഈ വിഷയത്തിൽ ഒരു സമഗ്ര നിയമത്തിന് വഴിയൊരുക്കുക എന്നുള്ളതാണ് പുതിയ നിയമം രൂപീകരിക്കുന്നതിന്റെ ലക്ഷ്യം.
നിർദ്ദിഷ്ട ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച്, ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട വിദേശിയെ തടയുന്നതിനുള്ള പ്രധാന ഉത്തരവാദിത്തം വിമാനക്കമ്പനിക്കായിരിക്കും. പുതിയ നിയമം അനുസരിച്ചുള്ള ഏതൊരു ആവശ്യത്തിനോ അല്ലെങ്കിൽ അതുപ്രകാരമുള്ള ഏതെങ്കിലും ചട്ടത്തിനോ ഉത്തരവിനോ വേണ്ടി, ഏതെങ്കിലും ജില്ലാ മജിസ്‌ട്രേറ്റിനോ പോലീസ് കമ്മീഷണർക്കോ ഇമിഗ്രേഷൻ ഓഫീസർക്കോ ഇമിഗ്രേഷൻ നടപടികൾ തടയുന്നതിനായി വിമാനങ്ങളിലോ കപ്പലിലോ മറ്റ് ഗതാഗത മാർഗ്ഗങ്ങളിലോ സഞ്ചരിക്കുന്ന യാത്രക്കാരെയും ജീവനക്കാരെയും കുറിച്ച് മുഴുവൻ വിവരങ്ങളും നൽകുന്നതിനായി ഗതാഗത കമ്പനികളോട് ആവശ്യപ്പെടാൻ കഴിയുന്നതാണ്. ബില്ലിന്റെ കരട് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
നിയമവിരുദ്ധ കുടിയേറ്റം, പ്രത്യേകിച്ച് രാജ്യത്തെ ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിന് വിശാലമായ ഒരു നിയമനിർമ്മാണമാണ് ഈ പുതിയ നിയമത്തിലൂടെ മോദി സർക്കാർ ഉദ്ദേശിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ആരംഭിക്കുകയും, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മോദി സർക്കാരിന്റെ ഈ നീക്കം എന്നുള്ളതും ശ്രദ്ധേയമാണ്.
Discussion about this post