പൗരത്വ നിയമങ്ങള്‍ ശക്തമാക്കാന്‍ പുത്തന്‍ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്ത് ഒമാന്‍. ഇനി മുതല്‍ രാജ്യത്ത് കുറഞ്ഞത് 15 വര്‍ഷം തുടര്‍ച്ചയായി താമസിക്കുന്നവര്‍ക്കേ പൗരത്വത്തിന് അപേക്ഷിക്കാനാകൂ എന്നതാണ് വ്യവസ്ഥകളിലൊന്ന്. എന്നാല്‍, ഒരുവര്‍ഷത്തില്‍ 90 ദിവസംവരെ രാജ്യത്തിന് പുറത്താണെങ്കിലും അത് അയോഗ്യതയായി കണക്കാക്കുന്നതല്ല.
അതേസമയം, അപേക്ഷകര്‍ക്ക് അറബിക് ഭാഷ സംസാരിക്കാനും എഴുതാനും കഴിയണം. നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രവും ആവശ്യമാണ്. സാമ്പത്തികശേഷിയും നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും വ്യവസ്ഥയിലുണ്ട്.
ഇതിനോടൊപ്പം തന്നെ മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതായി അപേക്ഷകര്‍ എഴുതിനല്‍കണം. അതോടൊപ്പം മാതൃരാജ്യത്തിന്റേതല്ലാത്ത പൗരത്വം ഇല്ലെന്നും ഉറപ്പുനല്‍കണം. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാകാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
പ്രവാസിക്ക് പൗരത്വം ലഭിക്കുന്നതോടെ ആ വ്യക്തിക്ക് ഒമാനില്‍ ജനിച്ച മക്കള്‍ക്കും അയാളോടൊപ്പം ഒമാനില്‍ സ്ഥിരതാമസമാക്കിയ സ്വന്തം മക്കള്‍ക്കും പൗരത്വം ലഭിക്കും.
എന്നാല്‍ ഇത്തരം പൗരത്വ അപേക്ഷയില്‍ തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ സമര്‍പ്പിച്ചാല്‍ കടുത്ത ശിക്ഷയാകും നേരിടേണ്ടിവരിക. മൂന്നുവര്‍ഷംവരെ തടവുശിക്ഷ നേരിടേണ്ടി വരും. 5,000 മുതല്‍ 10,000 റിയാല്‍ വരെ, അതായത് ഏകദേശം 11,26,000 രൂപ മുതല്‍ 22,52,000 രൂപ വരെയായിരിക്കും പിഴയായി നല്‍കേണ്ടി വരിക.
Discussion about this post