എന്തും എതും ഓണ്‍ലൈനില്‍ ലഭിക്കുന്ന കാലഘട്ടമാണ് ഇത്. ഇതിനായി നിരവധി ആപ്പുകള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ സാധനങ്ങളും സര്‍വീസും ഓര്‍ഡര്‍ ചെയ്യുന്നതുപോലെ മനുഷ്യനെ ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചാലോ?
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് മനുഷ്യരെ വിതരണം ചെയ്യുന്നത്. ടോപ്മേറ്റ്.ഐഒ എന്ന സ്ഥാപനമാണ് പത്ത് മിനിട്ടിനുള്ളില്‍ വിദഗ്ദ്ധ സഹായം ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്നത്. ‘ബ്‌ളിങ്കിറ്റ്, സെപ്റ്റോ, ഇന്‍സ്റ്റാമാര്‍ട്ട് എന്നിവയുടെ കാലം കഴിഞ്ഞു. കാരണം ഞങ്ങള്‍ വീട്ടുസാധനങ്ങള്‍ അല്ല, മനുഷ്യരെയാണ് പത്ത് മിനിട്ടില്‍ വിതരണം ചെയ്യുന്നത്’- എന്നാണ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് മേധാവിയായ നിമിഷ ചന്ദ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.
ഉപഭോക്താക്കള്‍ക്ക് വ്യവസായ വിദഗ്ധരെ നേരിട്ട് വിളിച്ച് മെന്റര്‍ഷിപ്പ്, കരിയര്‍ ഉപദേശം, പ്രശ്നപരിഹാര സെഷനുകള്‍ എന്നിവയിലൂടെ വെറും 10 മിനിറ്റിനുള്ളില്‍ തങ്ങളുടെ സ്വപ്ന ജോലി കണ്ടെത്താന്‍ സാധിക്കും എന്നാണ് പുതിയ ആപ്പ് അവതരിപ്പിച്ചതിലൂടെ കമ്പനി വ്യക്തമാക്കുന്നത്. ദിവസവും വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് സേവനം ലഭ്യമാവുക.
നിങ്ങളുടെ എന്ത് ചോദ്യത്തിനും ടോപ്മേറ്റിലെ മനുഷ്യര്‍ ഉത്തരം നല്‍കും. അതിലൂടെ നിങ്ങളുടെ സ്വപ്ന ജോലി നേടിയെടുക്കാന്‍ സാധിക്കുമെന്നും നിമിഷ ചന്ദ കൂട്ടിച്ചേര്‍ക്കുന്നു. അതിനാല്‍ തന്നെ ഇനിമുതല്‍ ഗൂഗിളിനെ ആശ്രയിച്ച് സമയം കളയേണ്ടതായി വരില്ല. ഏത് മേഖലയിലെ വിദഗ്ദ്ധന്റെ സേവനവും പത്ത് മിനിട്ടില്‍ ലഭ്യമാകുമെന്നും സ്ഥാപനം അവകാശപ്പെടുന്നു.
ഹ്യൂമന്‍ ഡെലിവറി ആവശ്യമുള്ളവര്‍ ആപ്പിന്റെയോ വെബ്സൈറ്റിന്റെയോ ഹോം പേജില്‍ പോയതിനുശേഷം തങ്ങളുടെ പേര്, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് ഏത് മേഖലയിലെ വിദഗ്ദ്ധനെയാണോ ആവശ്യം അവരുമായി ഫോണ്‍ കോളിലൂടെ സെഷന്‍ ലഭ്യമാക്കാം. ആപ്പില്‍ മൂന്ന് ലക്ഷത്തിലധികം വിദഗ്ദ്ധരുടെ സേവനമാണ് ലഭ്യമാകുന്നതെന്ന് സ്ഥാപനം അറിയിക്കുന്നു. അതേസമയം, ഹ്യൂമന്‍ ഡെലിവറി സര്‍വീസിന് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിന്നടക്കം ലഭിക്കുന്നത്.
Discussion about this post