കോയമ്പത്തൂര്‍: കോര്‍പറേറ്റ് കമ്പനികള്‍ ജീവനക്കാര്‍ക്ക് വന്‍ തുക ബോണസ് കൊടുത്ത് അമ്പരപ്പിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. എന്നാല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കമ്പനി ഉടമ ചിന്തിച്ചത് വളരെ വേറിട്ട തരത്തിലാണ്. പ്രകടനത്തിന്റെ പേരില്‍ ജീവനക്കാരെ തരംതിരിക്കുകയല്ല അദ്ദേഹം ചെയ്തത്. വ്യവസ്ഥകള്‍ക്കു വിധേയമായി ബോണസ് നല്‍കുന്ന പതിവു രീതിക്കു പകരം ജീവനക്കാര്‍ പുലര്‍ത്തുന്ന വിശ്വസ്തതയ്ക്കാണ് അദ്ദേഹം ബോണസ് നല്‍കിയത്.
കോയമ്പത്തൂര്‍ കേന്ദ്രമായുള്ള സോഫ്റ്റ്വെയര്‍ കമ്പനി കോവൈ.കോ എന്ന കമ്പനിയാണ് വന്‍ തുക ബോണസ് നല്‍കി ജീവനക്കാരെ ഞെട്ടിച്ചത്. കമ്പനി സ്ഥാപകനും സിഇഒയുമായ ശരവണ കുമാറാണ് ജീവനക്കാര്‍ക്കായി ഈ തീരുമാനം കൈക്കൊണ്ടത്. തന്റെ കമ്പനിയോട് ജീവനക്കാര്‍ പുലര്‍ത്തുന്ന വിശ്വസ്തതയാണ് അദ്ദേഹം പരിഗണിച്ചത്. 140-ലധികം വരുന്ന ജീവനക്കാര്‍ക്ക് അദ്ദേഹം നല്‍കിയ ബോണസ് കേട്ടാല്‍ ഞെട്ടും – 14.5 കോടി രൂപ. 2022-ല്‍ ആരംഭിച്ച ‘ടുഗെദര്‍ വി ഗ്രോ’ എന്ന പദ്ധതിക്കു കീഴിലാണ് ബോണസ് പ്രഖ്യാപിച്ചത്.
എന്നാല്‍ മൂന്ന് വര്‍ഷം കമ്പനിയില്‍ തുടരണമെന്നായിരുന്നു ഉടമയുടെ നിബന്ധന. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. കഴിഞ്ഞ ജനുവരി 31-ന്, 80 ജീവനക്കാരുടെ ആദ്യ ബാച്ചിന് ശമ്പളത്തോടൊപ്പം വന്‍ തുക ബോണസ് കൂടി അക്കൗണ്ടില്‍ നല്‍കിയതോടെ ജീവനക്കാര്‍ ശരിക്കും അമ്പരന്നു. ‘എന്റെ മകളുടെ വിദ്യാഭ്യാസത്തിനായി ഞാന്‍ ഈ തുക നിക്ഷേപിക്കും എന്നാണ് സീനിയര്‍ ഗ്രോത്ത് മാര്‍ക്കറ്ററായ വെങ്കിടേഷ് രഗുപതി ശ്രീധരന്‍ പറഞ്ഞത്.
2021 ല്‍ സ്പെയിനിലേക്കുള്ള യാത്രയ്ക്കിടെയാണ് തനിക്ക് ഈ ആശയം തോന്നിയതിനെന്ന് ശരവണ കുമാര്‍ പറഞ്ഞു. കമ്പനിയുടെ വിജയത്തിനും ലാഭത്തിനും വേണ്ടി കഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് മികച്ച പ്രതിഫലം നല്‍കണമെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. കമ്പനി എങ്ങനെ പ്രകടനം നടത്തിയാലും ബോണസ് നല്‍കാനായിരുന്നു തീരുമാനം.
ഇന്ന് കോവൈ.കോയുടെ വാര്‍ഷിക വരുമാനം 15 മില്യണ്‍ ഡോളറാണ്. കമ്പനിയുടെ വിപണി മൂല്യം 100 മില്യണ്‍ ഡോളറായിട്ടാണ് കണക്കാക്കപ്പെടുന്നത്. 2030 ഓടെ 100 മില്യണ്‍ ഡോളര്‍ വരുമാനം നേടുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
Discussion about this post