ന്യൂഡൽഹി : രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 805 ആപ്പുകളും 3266 വെബ്‌സൈറ്റുകളും കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്‌തു. പാർലമെന്ററി കമ്മിറ്റി യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ ആപ്പുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുന്നത്.
‘സൈബർ സുരക്ഷയും സൈബർ കുറ്റകൃത്യവും’ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ യോഗത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, ബണ്ടി സഞ്ജയ് കുമാർ, കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) പോർട്ടലിൽ ഇതുവരെ 1,43,000 എഫ്‌ഐആറുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി. 19 ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ പിടികൂടി. 2038 കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകൾ നിർത്തലാക്കിയതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുള്ളതിനാൽ തന്നെ അതിന്റെ ഭാഗമായി സൈബർ ആക്രമണങ്ങളുടെ എണ്ണത്തിൽ സ്വാഭാവികമായും വർധനവുണ്ടായിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം നാലര മടങ്ങ് വർദ്ധിച്ചു. 2024ൽ 246 ലക്ഷം കോടി ഇടപാടുകൾ യുപിഐ വഴി നടന്നു. 17,221 ലക്ഷം കോടി രൂപയുടെ മൂല്യമാണ് ഈ ഇടപാടുകൾക്ക് ഉള്ളത്. ലോകമെമ്പാടുമുള്ള ഡിജിറ്റൽ ഇടപാടുകളുടെ 48 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. ഈ ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി ഏകദേശം 15 ദശലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഇന്ത്യയുടെ മൊത്തം സമ്പദ്‌വ്യവസ്ഥയുടെ 20 ശതമാനം സംഭാവന ചെയ്യുന്നത് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു.
രാജ്യത്തെ സൈബർ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിൽ വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തിയതായും അമിത് ഷാ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം, ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം, സിഇആർടി-ഇൻ, ഐ4സി, ടെലികോം, ബാങ്കിംഗ് തുടങ്ങിയ വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്തുന്നതിലൂടെ സൈബർ സുരക്ഷയിൽ മികച്ച പ്രതിഫലനം ഉണ്ടാകും. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിന് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളോടും 1930 എന്ന ഐ-4സി ഹെൽപ്പ്‌ലൈൻ പരസ്യപ്പെടുത്താനും അദ്ദേഹം അഭ്യർത്ഥിച്ചു. 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൈബർ കുറ്റകൃത്യ ഫോറൻസിക് പരിശീലന ലാബുകൾ സ്ഥാപിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
Discussion about this post