ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ തനിക്ക് മരണശിക്ഷ നേരിടേണ്ടി വരുമെന്ന് ഭയന്നിരുന്നുവെന്ന് മെറ്റ സിഇഒയായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ജോ റോഗന്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെയൊരു് വെളിപ്പെടുത്തല്‍ നടത്തിയത്. പാകിസ്താനില്‍ ഫേസ്ബുക്കിലെ മതനിന്ദാപരമായ ഉള്ളടക്കത്തിന്റെ പേരില്‍ നേരിടേണ്ടി വരുന്ന നിയമപരമായ ധാരാളം വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു.
ഫേസ്ബുക്കില്‍ മതനിന്ദാപരമായ ഉള്ളടക്കമുണ്ടായി എന്നതിന്റെ പേരില്‍ കമ്പനിക്കെതിരെ പാകിസ്താനില്‍ കേസെടുത്തിരുന്നു. മതവിശ്വാസങ്ങളെ അവഹേളിക്കുന്ന പ്രവൃത്തികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്ന മതനിന്ദാ നിയമങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കം ഫേസ്ബുക്കില്‍ ഉണ്ടായിരുന്നുവെന്നും അത് കണ്ടെത്തിയെന്നുമാണ് തനിക്കെതിരെയുള്ള ആരോപണത്തില്‍ പറഞ്ഞിരുന്നതെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
‘ചില രാജ്യങ്ങളിലെ നിയമങ്ങളോട് ഞങ്ങള്‍ക്ക് ശക്തമായ വിയോജിപ്പുണ്ട്. ഒരു ഉദാഹരണത്തിന്, ഫേസ്ബുക്കില്‍ പ്രവാചകന്‍ മുഹമ്മദിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ പാകിസ്താനില്‍ എനിക്ക് മരണശിക്ഷ നല്കണമെന്ന് ഒരാള്‍ പറഞ്ഞു. ആ ചിത്രം അങ്ങേയറ്റത്തെ മതനിന്ദയാണെന്ന് ചിലര്‍ ആരോപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അവര്‍ എന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുകയും ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എനിക്ക് പാകിസ്താനില്‍ പോകാന്‍ പദ്ധതിയില്ലാത്തതിനാല്‍ ഞാന്‍ അതത്ര ഗൗരവമായി എടുത്തില്ല. എന്നാല്‍ ഇത്തരം നടപടികള്‍ നിസ്സാരമായി കണക്കാക്കരുത് അത് ജീവിതത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും’ സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
കര്‍ശനമായ ഉള്ളടക്ക നിയന്ത്രണങ്ങള്‍ കാരണം കമ്പനികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സക്കര്‍ബര്‍ഗ് പോഡ്കാസ്റ്റില്‍ സംസാരിച്ചു. ‘ലോകത്തിലേക്ക് നോക്കൂ വളരെ വ്യത്യസ്ത അഭിപ്രായമുള്ളവരാണ് നമുക്ക് ചുറ്റും ജീവിക്കുന്നത്. ചിലര്‍ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് എതിരായാണ് നിലകൊള്ളുന്നത്. നമ്മള്‍ കൂടുതല്‍ കാര്യങ്ങള്‍ നിരോധിക്കണമെന്നും നിയന്ത്രിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ചില ഉള്ളടക്കത്തിന്റെ പേരില്‍ ജയിലിലടയ്ക്കുമെന്ന് പറയാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ വലിയ നിയന്ത്രണങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.
. നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പലതരത്തിലുള്ള വൈകാരിക മൂല്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി അത്തരം രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ തങ്ങളുടെ അധികാരമുപയോഗിച്ച് തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് കമ്പനിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുമെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ക്കുന്നു.
Discussion about this post