ഇസ്ലാമാബാദ് : പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ വീണ്ടും സംഘർഷം. ഖൈബർ പഖ്തൂൺഖ്വയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരും പാകിസ്താൻ സൈനികരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നാല് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖൈബർ പഖ്തൂൺഖ്വയിലെ ദേര ഇസ്മായിൽ ഖാൻ, വടക്കൻ വസീറിസ്ഥാൻ ജില്ലകളിലാണ് ഇന്ന് സംഘർഷം ഉണ്ടായത്.
വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സ്വാതന്ത്ര്യ വാദികൾക്ക് നേരെ നടത്തിയ ഓപ്പറേഷനിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വാതന്ത്ര്യവാദികൾ സൈന്യത്തിനെതിരെ തിരിച്ചടിച്ചതും നാല് പാക് സൈനികർ കൊല്ലപ്പെട്ടതും. പാകിസ്താൻ ആർമി ലെഫ്റ്റനന്റ് മുഹമ്മദ് ഹസ്സൻ അഷ്‌റഫും അദ്ദേഹത്തിന്റെ മൂന്ന് സഹ സൈനികരായ നായിബ് സുബേദാർ മുഹമ്മദ് ബിലാൽ, ശിപായി ഫർഹത്ത് ഉള്ള, ശിപായി ഹിമ്മത്ത് ഖാൻ എന്നിവരും ആണ് കൊല്ലപ്പെട്ടത്. മേഖലയിൽ ഏറെക്കാലമായി നിലനിന്നു വരുന്ന സംഘർഷങ്ങളുടെ ബാക്കിപത്രമാണ് ശനിയാഴ്ച നടന്ന ഏറ്റുമുട്ടൽ.
കഴിഞ്ഞ വർഷം 59,775 സൈനിക ഓപ്പറേഷനുകളാണ് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടന്നത്. ഈ സൈനിക ദൗത്യങ്ങളിൽ 925 സ്വാതന്ത്ര്യ വാദികളും 383 പാക് സൈനികരും കൊല്ലപ്പെട്ടു. 2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിനുശേഷം ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സംഘർഷാവസ്ഥ വർദ്ധിച്ചിരിക്കുകയാണ്. പാകിസ്താനിൽ നിരോധിക്കപ്പെട്ടിട്ടുള്ള തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ എന്ന സംഘടനയാണ് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സംഘർഷങ്ങൾക്ക് കാരണമെന്നാണ് പാക് സൈന്യം വ്യക്തമാക്കുന്നത്.
സെന്റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (സിആർഎസ്എസ്) തിങ്ക്-ടാങ്ക് പുറത്തിറക്കിയ 2024 ലെ റിപ്പോർട്ട് പ്രകാരം പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും 400 ലേറെ ആക്രമണങ്ങളാണ് കഴിഞ്ഞവർഷം നടന്നത്. ഒരു ദശാബ്ദത്തിനിടെ പാകിസ്താനിലെ സിവിൽ, മിലിട്ടറി സുരക്ഷാ സേനകൾക്ക് ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയ വർഷമാണ് 2024. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും ഉണ്ടായ നിരവധി സംഘർഷങ്ങളിൽ 685 പാക് സൈനികർ ആണ് ഒരൊറ്റ വർഷത്തിൽ കൊല്ലപ്പെട്ടത്.
Discussion about this post