ഷാന്‍ഡോങ്: വീണ്ടും മൃഗങ്ങളെ പെയിന്റടിച്ച് സന്ദര്‍ശകരെ പറ്റിച്ച് ചൈനയിലെ ഒരു മൃഗശാല. ഇത്തവണ ഇര്‍ സന്ദര്‍ശകരെ കബളിപ്പിക്കാനായി കഴുതയെ പെയിന്റടിച്ച് സീബ്രയാക്കിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ സിബോ സിറ്റിയിലെ ഒരു മൃഗശാലയാണ് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി കറുപ്പും വെളുപ്പും പെയിന്റടിച്ച് കഴുതകളെ സീബ്രകള്‍ ആക്കി മാറ്റിയത്.
എന്നാല്‍ ഇവര്‍ക്ക് ചെറിയൊരു പിഴവ് പറ്റി ഇവരുടെ പെയിന്റിംഗില്‍ വന്ന പാറ്റേണിലെ പാളിച്ചകള്‍ സത്യം പുറത്തുകൊണ്ടുവരികയായിരുന്നു. ഇതോടെ കഴുതകളുടെ ശരീരത്തില്‍ പെയിന്റടിച്ചതാണ് എന്ന് സന്ദര്‍ശകര്‍ എളുപ്പത്തില്‍ മനസ്സിലാക്കി. പിന്നാലെ മൃഗശാല അധികൃതരുടെ കള്ളക്കളിയും പൊളിഞ്ഞു. ഒടുവില്‍ തട്ടിപ്പ് കയ്യോടെ പിടികൂടിയതോടെ അവസാനത്തെ അടവുമായി മൃഗശാല ഉടമ രംഗത്തെത്തി. സന്ദര്‍ശകരെ പറ്റിക്കുന്നതിനായി താന്‍ ഒരു തമാശ ചെയ്തതാണ് എന്നായിരുന്നു ഇയാളുടെ വിശദീകരണം.
സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും വരകള്‍ കഴുതകളുടെ ദേഹത്ത് കൃത്യമായി വരയ്ക്കാന്‍ കഴിയാതെ വന്നതാണ് മൃഗശാല നടത്തിപ്പുകാര്‍ക്ക് തിരിച്ചടിയായത്. കൂടാതെ നിറങ്ങള്‍ പരസ്പരം ഇടകലര്‍ന്നതും ഇവര്‍ക്ക് വിനയായി. സന്ദര്‍ശകര്‍ ചോദ്യം ചെയ്തതോടെ തങ്ങളുടെ ഒരു മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ് ഇതെന്നായിരുന്നു മൃഗശാല ഉടമയുടെ മറുപടി.
സന്ദര്‍ശകരെ രസിപ്പിക്കാന്‍ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ് ഇതൊന്നും ഉടമ ന്യായീകരിച്ചു. ഒപ്പം കഴുതകളുടെ ദേഹത്ത് തേച്ച പെയിന്റുകള്‍ വിഷരഹിതമാണെന്നും ഇവര്‍ വ്യക്തമാക്കിയതായാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരുന്നാലും മൃഗശാല അധികൃതര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
മുമ്പും സമാനമായ പല സംഭവങ്ങളും ചൈനയിലെ മൃഗശാലകളില്‍ നടന്നിട്ടുണ്ട്. ചൈനയിലെ തൈഷൗവില്‍ സ്ഥിതി ചെയ്യുന്ന ക്വിന്‍ഹു ബേ ഫോറസ്റ്റ് അനിമല്‍ കിംഗ്ഡം ചൗ ചൗ നായ്ക്കള്‍ക്ക് കടുവകളോട് സാമ്യമുള്ള കറുപ്പും ഓറഞ്ചും നിറം നല്‍കിയത് മുന്‍പ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്നും തങ്ങളുടെ മാര്‍ക്കറ്റിംഗ് തന്ത്രമായിരുന്നു അത് എന്ന് പറഞ്ഞായിരുന്നു മൃഗശാല അധികൃതര്‍ വിവാദത്തില്‍ നിന്നും തലയൂരിയത്.
Discussion about this post