വാഷിംഗ്ടൺ : റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിക്ക് മസാച്യുസെറ്റ്സ് ഗവർണറുടെ പ്രശസ്തിപത്രം . ദീർഘവീക്ഷണമുള്ള നേതൃത്വത്തിനും കാരുണ്യപരമായ പ്രവർത്തിക്കും വിദ്യാഭ്യാസം, ആരോഗ്യം, കായികം, കല, സംസ്‌കാരം, വനിതാ ശാക്തീകരണം എന്നീ മേഖലകളിൽ നിത അംബാനി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം നൽകിയത്.
‘ഞങ്ങളുടെ സ്ഥാപക ചെയർപേഴ്സൺ ശ്രീമതി നിത അംബാനിക്ക് മസാച്യുസെറ്റ്സ് ഗവർണർ മൗറ ഹീലി വിശിഷ്ട പുരസ്‌കാരം നൽകി ആദരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കായികം, കല, സംസ്‌കാരം, വനിതാ ശാക്തീകരണം എന്നീ മേഖലകളില്‍ ഇന്ത്യയിലും ലോകമൊട്ടാകെയും നിത അംബാനിയുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം. പ്രശസ്തിപത്രം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ റിലയന്‍സ് ഫൗണ്ടേഷന്‍ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ചു.
അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു നിത അംബാനിക്ക് പുരസ്‌കാരം നൽകിയത്. അതിമനോഹരമായ കൈത്തറി ഷികാർഗ ബനാറസി സാരി ധരിച്ചുകൊണ്ടാണ് നിത അംബാനി ചടങ്ങിൽ എത്തിയത്. സങ്കീർണ്ണമായ കദ്വ നെയ്ത്ത് രീതിയും പരമ്പരാഗത കോന്യ രൂപകൽപ്പനയും ഉൾക്കൊള്ളുന്ന ഇന്ത്യൻ കരകൗശലത്തിന്റെ ഒരു മാസ്റ്റർപീസാണ് ഷികാർഗ ബനാറസി സാരി. ഇതിലൂടെ ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകത്തിന് പിന്തുണ നൽകാനും നിത അംബാനിക്കായി.
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളിലൊരാളാണ് നിത അംബാനി. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ഭാര്യയാണ് നിത അംബാനി . അംബാനി കുടുംബത്തിന്റെ വ്യവസായ പാരമ്പര്യം ഒട്ടും ചോരാതെ തന്നെയാണ് മക്കൾ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് ഭാര്യയായ നിത അംബാനി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയാണ് നിത റിലയൻസ് ഫൗണ്ടേഷനെ നയിക്കുന്നത്. മുകേഷ് അംബാനി എന്ന ശതകോടീശ്വരനെ വിവാഹം ചെയ്ത് ധനിക കുടുംബത്തിലേക്ക് എത്തുന്നതിന് മുൻപ് നിത അംബാനി ഒരു ഇടത്തരം കുടുംബത്തിലെ സാധാരണ പെൺകുട്ടിയായിരുന്നു.
നിത നഴ്‌സറി സ്‌കൂൾ അദ്ധ്യാപികയായിരുന്നു. സൺഫ്‌ളവർ നഴ്‌സറിയിൽ അദ്ധ്യാപികയായി ജോലി ചെയ്യവെയാണ് മുകേഷ് അംബിനിയെ പരിചയപ്പെടുന്നത്. അന്ന് നിത അംബാനിയുടെ ശമ്പളം 800 രൂപയായിരുന്നു . 1985ലാണ് നിതയും മുകേഷ് അംബാനിയും വിവാഹിതരായത്. അംബാനി കുടുംബത്തിൽ എത്തിയ ശേഷവും നിത അദ്ധ്യാപികയായി ജോലി തുടർന്നിരുന്നു. നർസി മോൻജി കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് ഇക്കണോമിക്സിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ വ്യക്തിയാണ് നിത അംബാനി.
Discussion about this post