മുംബൈ: നമ്മുടെ രാജ്യത്ത് ഗതാഗതക്കുരുക്ക് നിത്യ സംഭവം ആണ്. ബംഗളൂരുവും കൊച്ചിയും പോലുള്ള ചില പ്രദേശങ്ങൾ തന്നെ ഗതാഗതക്കുരുക്കുകൊണ്ട് പ്രസിദ്ധമായ സ്ഥലങ്ങൾ ആണ്. അത്യാവശ്യമായി എവിടേയ്‌ക്കെങ്കിലും പോകുന്ന സമയത്ത് ആയിരിക്കും ഇത്തരത്തിലുള്ള ട്രാഫിക് ബ്ലോക്കുകൾ നാം കുടുങ്ങുക. ഇതിൽ നിന്നും പുറത്തുകടക്കാൻ മണിക്കൂറുകൾ വേണ്ടിവരും. ട്രാഫിക് ബ്ലോക്കിനെ തുടർന്ന് പലയിടങ്ങളിലേക്കും വൈകി എത്തിയവർ ആയിരിക്കും നമ്മൾ. ട്രാഫിക് ബ്ലോക്കിനെ തുടർന്ന് പല അവസരങ്ങളും നമുക്ക് നഷ്ടമായിട്ടുണ്ടാകും.
പ്രധാനപ്പെട്ട കാര്യത്തിനായി എവിടേയ്‌ക്കെങ്കിലും പോകുമ്പോൾ ട്രാഫിക്കിൽ കുടുങ്ങാതിരിക്കാൻ നിരവധി മുൻകരുതലുകൾ നാം ചെയ്യാറുണ്ട്. ബദൽ റൂട്ടുകൾ കണ്ടുപിടിക്കുകയോ അതുമല്ലെങ്കിൽ ഈ വഴി തന്നെ ട്രാഫി കുറവുള്ളപ്പോൾ സഞ്ചരിക്കുകയോ ആണ് നാം ചെയ്യാറുള്ളത്. എന്നാൽ മഹാരാഷ്ട്രയിലെ വിദ്യാർത്ഥി ട്രാഫിക് ജാമിൽ നിന്നും രക്ഷപ്പെടാൻ പുതിയ മാർഗ്ഗമാണ് പരീക്ഷിച്ചത്.
മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. 19 കാരനും ബി കോം വിദ്യാർത്ഥിയുമായ സാമർത്ഥ് ആണ് വ്യത്യസ്ത രീതിയിലൂടെ ട്രാഫിക് ജാം മറികടന്നത്. പരീക്ഷ എഴുതാൻ കോളേജിലേക്ക് ആയിരുന്നു സാമർത്ഥിന്റെ യാത്ര. കഴിഞ്ഞ ദവിസം ആയിരുന്നു സംഭവം. നിലവിൽ ബി കോം വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പരീക്ഷകൾ അടിയ്ക്കടി മാറ്റുന്നതിനാൽ കഴിഞ്ഞ ദിവസം പരീക്ഷയുണ്ടെന്നകാര്യം കുട്ടി അറിഞ്ഞില്ല. ഇങ്ങനെ ഇരിക്കെയാണ് പരീക്ഷയ്ക്ക് വരുന്നില്ലേ എന്ന് ചോദിച്ച് സുഹൃത്തിന്റെ ഫോൺ വരുന്നത്. ഇതോടെ പരീക്ഷയുണ്ടെന്ന് സാമർത്ഥിന് മനസിലായി.
പരീക്ഷ തുടങ്ങുന്നതിന് 10 മിനിറ്റിന് മുൻപ് ആയിരുന്നു സുഹൃത്തിന്റെ ഫോൺ എത്തിയത്. പരീക്ഷ സെന്റർ 15 കിലോമീറ്റർ അകലെയാണ്. വാഹനത്തിൽ പരീക്ഷ സെന്ററിലേക്ക് എത്തുക നടപ്പുള്ള കാര്യമല്ല. സാധാരണ നിലയിൽ വലിയ ട്രാഫിക് ജാമാണ് വഴിയിൽ അനുഭവപ്പെടുക. അതുകൊണ്ട് തന്നെ അര മണിക്കൂർ നേരം യാത്ര ചെയ്താണ് സാമർത്ഥ് കോളേജിൽ എത്താറുള്ളത്. ഇതോടെ അടുത്ത വീട്ടിലെ പാരാഗ്ലൈഡിംഗ് ഇൻസ്ട്രക്ടറുടെ സഹായം വിദ്യാർത്ഥി തേടുകയായിരുന്നു.
10 മിനിറ്റിനുള്ളിൽ പരീക്ഷ ആരംഭിക്കുമെന്നും സഹായിക്കണമെന്നും കുട്ടി അദ്ദേഹത്തോട് പറഞ്ഞു. ഇതോടെ അദ്ദേഹം സഹായിക്കുകയായിരുന്നു. ഇതോടെ ഹാൾടിക്കറ്റ് ഉൾപ്പെടെ എടുത്ത് അദ്ദേഹത്തിനൊപ്പം സാമർത്ഥ് കോളേജിലേക്ക് പറന്നു. അഞ്ച് മിനിറ്റിനുള്ളിൽ കോളേജ് ഗ്രൗണ്ടിൽ എത്തിയ സാമർത്ഥ് അദ്ധ്യാപകർക്കും കുട്ടികൾക്കും അത്ഭുതം ആയിരുന്നു.
Discussion about this post