ബംഗ്ലാദേശ് ജയിലിൽ കഴിയുന്ന ഇസ്‌കോൺ സന്യാസി ചിന്മയ് കൃഷ്ണ ദാസിന്റെ മോചനം ഉറപ്പാക്കണമെന്ന് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡിനോട് അഭ്യർത്ഥിച്ച് ഹിന്ദുസംഘടനകൾ. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുഎസിലെ സെക്കുലർ ബംഗ്ലാദേശ് മൂവ്‌മെന്റ് ആണ് തുളസി ഗബ്ബാർഡിന് കത്തയച്ചത്.
കത്തിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്. ചിന്മയ് ദാസിന്റെ മോചനം, ബംഗ്ലാദേശി ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെ അപലപിക്കുക, വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ. ” ഈ വിഷയങ്ങളാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
“ഇസ്‌കോൺ സന്യാസിയായ ചിന്മയ് കൃഷ്ണ ദാസിനെ അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന വിഷയത്തിൽ ഇടപെടണം, ചിന്മയ് കൃഷ്ണ ദാസിനെ മോചിപ്പിക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെടണം, ഹിന്ദുക്കൾക്കെതിരായ പീഡനം തടയാൻ യൂനുസ് സർക്കാരിൽ സമ്മർദ്ദം ചെലുത്താനും താങ്കളോട് അഭ്യർത്ഥിക്കുന്നു. “ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം സ്ഥിതിഗതികൾ മനസ്സിലാക്കി ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പിന്തുണ നൽകുക , ” കത്തിൽ വ്യക്തമാക്കുന്നു.
നിർണായകമായ ഈ വിഷയത്തിൽ ലോക ശ്രദ്ധ ആകർഷിക്കാൻ താങ്കളുടെ ഇടപെടലിലൂടെ സാധിക്കും. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നീതിയും സംരക്ഷണവും ആവശ്യപ്പെട്ട് വളരെ വേഗത്തിൽ ഇക്കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു, സെക്കുലർ ബംഗ്ലാദേശ് സംഘടനയുടെ പ്രസിഡന്റ് പുഷ്പിത ഗുപ്തയും തുളസി ഗബ്ബാർഡിന് കത്തെഴുതി.
ഇക്കഴിഞ്ഞ നവംബർ 25 ന് ആണ് ചിൻമോയ് കൃഷ്ണദാസ് ബംഗ്ലാദേശിൽ അറസ്റ്റിലായത്. രാജ്യദ്രോഹക്കുറ്റം ചുമത്തി അന്നുമുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്. യൂനുസ് ഭരണകൂടത്തിലെ ന്യൂനപക്ഷ പീഡനത്തിനെതിരായ പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കേസ് കോടതിയിൽ വാദം കേൾക്കാൻ പോലും അനുവാദമില്ല. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന പീഡനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് ഹിന്ദുസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
യുഎസ് പാര്‍ലമെന്റില്‍ ജനപ്രതിനിധി അംഗമായി തെരഞ്ഞെടുത്തപ്പോള്‍ ഭഗവദ്ഗീതയില്‍ തൊട്ടാണ് തുളസി ഗബ്ബാർഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 2016ല്‍ വാഷിംഗ്ടണില്‍ നടന്ന ഇസ്‌കോണിന്റെ 50-ാം വാര്‍ഷിക ഗാല പരിപാടിയിൽ തുളസി മുഖ്യ പ്രഭാഷകയായിരുന്നു. 1965-ല്‍ ഇസ്‌കോണ്‍ സ്ഥാപിച്ചതിന്റെയും അമേരിക്കയില്‍ ശ്രീല പ്രഭുപാദ എത്തിയതിന്റെയും ഓര്‍മ്മയ്ക്കായിട്ടായിരുന്നു അന്ന് പരിപാടി നടത്തിയത് .
Discussion about this post