പ്രയാഗ്രാജ്: ആത്മീയ സംഗമ ഭൂമിയായ പ്രയാഗ്‌രാജിൽ തീർത്ഥാടകരുടെ നിലക്കാത്ത ഒഴുക്കാണ്. ഇത്തവണത്തെ മഹാകുംഭമേളയിൽ റെക്കോർഡ് ജനപങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. കുംഭമേള അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഇനിയും നിരവധി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. കഴിഞ്ഞ 36 ദിവസത്തിനിടെ 540 ദശലക്ഷം തീർത്ഥാടകരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇന്നലെ മാത്രം 13.5 ദശലക്ഷം ആളുകൾ പുണ്യസ്‌നാനം നടത്തി. ഇന്നലെ രാത്രി എട്ട് മണി വരെയുള്ള കണക്കാണിത്. 45 ദിവസം നീണ്ടുനിന്ന ആത്മീയ സംഗമത്തിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണിത്.
കുംഭമേള നഗരിയിൽ മാഘ പൂർണിമ ദിനത്തിൽ, ത്രിവേണി സംഗമത്തിൽ ലക്ഷക്കണക്കിന് ഭക്തരാണ് പുണ്യസ്നാനം ചെയ്തത്. മാഘ പൂർണിമ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് കുംഭമേളയിൽ സംഘടിപ്പിച്ചത്. മാഘ പൂർണിമ ദിനം മാത്രം 73.60 ലക്ഷം പേരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയത്.
അർദ്ധരാത്രി മുതലാണ് മാഘ പൂർണിമയോട് അനുബന്ധിച്ചുള്ള സ്‌നാനം ആരംഭിച്ചത്. ഒരേ സമയം പതിനായിരക്കണക്കിന് പേർ നദിയിൽ സ്‌നാനം ചെയ്തു. മണിക്കൂറുകൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേരാണ് ത്രിവേണിയിൽ മുങ്ങി നിവർന്നത്. കുംഭമേളയ്ക്കിടെ നടക്കുന്ന നാലാമത്തെ ഭക്തജന സ്‌നാനം കൂടിയാണ് ഇത്.
കഴിഞ്ഞ ദിവസത്തെ ഡൽഹി റെയിൽവേ സ്‌റ്റേഷനിലെ തിരക്കിലുണ്ടായ അപകടത്തെ തുടർന്ന് കർശനമായ നിയന്രന്തണമാണ് ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.
മഹാകുംഭ മേളയുടെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്ത സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ഡയറക്ടർ ജനറൽ ജിപി സിംഗ്, ഉത്തർപ്രദേശ് പോലീസും സിആർപിഎഫും ഉൾപ്പെടെയുള്ള ഏജൻസികൾ തമ്മിലുള്ള മികച്ച സമന്വയത്തെ അഭിനന്ദിച്ചു. മഹാകുംഭമേളയ്ക്കിടെയുള്ള യാത്രക്കാരുടെ അധിക തിരക്ക് ലഘൂകരിക്കുന്നതിനും യാത്രക്കാർക്ക് സുഗമമായ യാത്ര സാധ്യമാകുന്നതിനും നോർത്തേൺ റെയിൽവേ നാല് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
മഹാകുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ്രാജിലേക്ക് യാത്രചെയ്യുന്നവർക്കായി മധ്യറെയിൽവേ പ്രത്യേക ട്രെയിൻ സൗകര്യങ്ങൾ ഒരുക്കുമെന്ന് രേത്തെ ഇന്ത്യൻ റെയിൽവേ അറിയിച്ചിരുന്നു. മുംബൈ, പുണെ, നാഗ്പുർ എന്നിവിടങ്ങളിൽ നിന്ന് 42 ട്രെയിനുകളാണ് സർവീസ് നടത്തുക. ഛത്രപതി ശിവജി മഹാരാജ് ടെർമിനൽസിൽ നിന്നും 14, പൂനെയിൽ നിന്നും 12, നാഗ്പൂരിൽ നിന്നും 12, ലോക്മാന്യതിലക് ടെർമിനൽസിൽ നിന്നും 4 എന്നിങ്ങനെയാണ് ട്രെയിൻ സർവീസ്.
Discussion about this post