കെജിഎഫ് എന്ന ചിത്രത്തിലൂടെ ഏവരും ഏറ്റെടുത്ത ഒരു ഡയലോഗാണ് ‘പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല’ എന്നത്. ഇപ്പോൾ ഈ ഡയലോഗിന് കൂടുതൽ ശക്തി പകരുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് . ഈ വീഡിയോ കാണുമ്പോൾ തന്നെ ഒരു നിമിഷം നമ്മൾ നോക്കിയിരുന്ന പോവുന്നതാണ് . റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് (ആർപിഎസ്എഫ്) കോൺസ്റ്റബിൾ തന്റെ കുഞ്ഞിനെ എടുത്തുകൊണ്ട് ജോലി ചെയ്യുന്നതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
ഒരു കൈയിൽ ലാത്തി പിടിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കുമ്പോൾ… കുഞ്ഞ് നെഞ്ചിൽ സമാധാനത്തോടെ ഉറങ്ങുന്നത് വീഡിയോയിൽ കാണാം. കടമ നിർവഹിക്കാനായി കോൺസ്റ്റബിൾ കുഞ്ഞിനെ താങ്ങി പിടിച്ചു കൊണ്ട് നടക്കുന്നതും ഒരു കൈ കൊണ്ട് കുഞ്ഞിനെ തലോടുന്നതും വീഡിയോയിൽ കാണാം. സ്‌നേഹത്തിന്റെയും ദൃഢതയുടെയും മറ്റൊരു കാഴ്ചയാണിത് എന്നാണ് ഇത് കണ്ടവർ പറയുന്നത്.
‘അവൾ സേവിക്കുന്നു, അതോടൊപ്പം സ്വന്തം കുഞ്ഞിനെ നോക്കുന്നു. ഒരുവശത്ത് മാതൃത്വവും മറ്റൊരുവശത്ത് ജോലിയോടുള്ള സമർപ്പണവുമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഒരു അമ്മ, ഒരു യോദ്ധാവ്, എന്നിങ്ങനെ പല വിശേഷണങ്ങളാണ് ഈ യുവതിക്ക് നൽകാൻ കഴിയുക. 16BN/RPSF- ൽ നിന്നുള്ള കോൺസ്റ്റബിൾ റീന തന്റെ കുഞ്ഞിനെ ചുമന്നുകൊണ്ട് എല്ലാ കടമകളും നിർവഹിക്കുന്നു. ഈ അമ്മ എല്ലാ അമ്മമാർക്കും ഒരു പ്രചോദനമാണ് എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ആർപിഎഫ് എക്‌സിൽ കുറിച്ചിരിക്കുന്നത്.
ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേരുടെ മരണത്തിന് കാരണമായ സ്റ്റേഷനിൽ നിന്നുള്ള വീഡിയോയാണിത്. ഈ ലേഡി കോൺസ്റ്റബിൾ ലീവിലായിരുന്നു. എന്നാൽ ദാരുണമായ അപകടം സംഭവിച്ചതിനാൽ റെയിൽവേ ജോലിയിലേക്ക് തിരികെ വിളിക്കുകയായിരുന്നു എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റീനയുടെ ഭർത്താവ് നിലവിൽ ജമ്മു കശ്മീരിലാണ് ജോലി ചെയ്യുന്നത്. കുഞ്ഞിനെ നോക്കാനായി ഒരാളെ നോക്കിയതാണ്. എന്നാൽ ആരെയും ലഭിക്കാത്തതിനാലാണ് കുഞ്ഞുമായി ജോലിക്ക് വരേണ്ടത് വന്നത് എന്നാണ് റീന പറയുന്നത്. ഇതിലൂടെ കുഞ്ഞ് സുരക്ഷിതമായിരിക്കുന്നുവെന്ന് താൻ ഉറപ്പാക്കുന്നു. സഹായത്തിനായി ഒരാളെ ഞാൻ അന്വേഷിക്കുകയാണ്, ഒരു സഹായിയെ കണ്ടെത്തുന്നതുവരെ, ഇത് തുടരുമെന്ന് റീന കൂട്ടിച്ചേർത്തു.












Discussion about this post