റായ്പൂരിലും നാഗ്പൂരിലും നടന്ന മത്സരങ്ങളിൽ കിവീസ് ബൗളർമാരെ അടിച്ച് തകർത്ത് മൂന്ന് ഇന്ത്യൻ താരങ്ങൾ അതിവേഗ ഫിഫ്റ്റികൾ സ്വന്തമാക്കി റെക്കോർഡ് പുസ്തകം തിരുത്തിയിരിക്കുകയാണ്. ഇന്ത്യൻ ടി 20 ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത ബാറ്റിംഗ് വിരുന്നിനാണ് 2026 സാക്ഷ്യം വഹിക്കുന്നത് എന്ന സൂചന വർഷത്തിന്റെ ആദ്യം മാസം തന്നെ കിട്ടിയിരിക്കുകയാണ്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ നാഗ്പൂരിൽ വെച്ച് അഭിഷേക് ശർമ്മ 22 പന്തിൽ ഫിഫ്റ്റി തികച്ചിരുന്നു. ആ റെക്കോഡ് ആഘോഷിച്ച് ഇരിക്കുമ്പോൾ, ഇന്നലെ നടന്ന രണ്ടാം ടി 20 യിൽ ഇഷാൻ കിഷൻ ഈ റെക്കോർഡ് തകർക്കുകയായിരുന്നു. വെറും 21 പന്തിൽ നിന്നാണ് ഇഷാൻ കിഷൻ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ ന്യൂസിലൻഡിനെതിരെ ടി20-യിൽ അതിവേഗ ഫിഫ്റ്റി നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് ഇഷാൻ സ്വന്തമാക്കി.
ഇഷാൻ മടങ്ങിയപ്പോൾ തന്നെ ജയം ഉറപ്പിച്ച മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഒട്ടും മോശമാക്കിയില്ല. രണ്ടാം ടി20-യിൽ 23 പന്തിൽ നിന്നാണ് അദ്ദേഹം തന്റെ ഫിഫ്റ്റിയിലെത്തിയത്. മത്സരത്തിൽ 37 പന്തിൽ 82 റൺസെടുത്ത് പുറത്താകാതെ നിന്ന സൂര്യ ഇന്ത്യയെ നാലോവറിലധികം ബാക്കി നിൽക്കെ വിജയത്തിലെത്തിച്ചു.
2026 ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം സ്വീകരിച്ചിരിക്കുന്ന അങ്ങേയറ്റം ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലിയുടെ ഫലമാണ് ഈ പ്രകടനം. നിലവിൽ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലാണ്. സഞ്ജു സാംസൺ ഇന്നലെയും പരാജയപ്പെട്ടെങ്കിലും ഇഷാൻ കിഷന്റെയും സൂര്യകുമാറിന്റെയും മിന്നും പ്രകടനം 209 റൺസ് എന്ന കൂറ്റൻ ലക്ഷ്യം വെറും 15.2 ഓവറിൽ മറികടക്കാൻ ഇന്ത്യയെ സഹായിച്ചു.











Discussion about this post