ന്യൂഡൽഹി : ഇന്ത്യയുടെ 26 -ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാർ . ഒൻപത് മണിയോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് കുമാർ അധികാരമേറ്റത്. സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാർ ചുമതലയേറ്റത്. രണ്ട് വർഷത്തിലേറെയായി രാജീവ് കുമാറിന്റെ പിൻഗാമിയായാണ് അദ്ദേഹം .
‘രാഷ്ട്ര നിർമ്മാണത്തിലേക്കുള്ള ആദ്യപടി വോട്ടെടുപ്പാണ്. 18 വയസ്സ് പൂർത്തിയായ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാകണം. എപ്പോഴും വോട്ട് ചെയ്യണം. ഇന്ത്യൻ ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങൾ, അതിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി, തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാർക്കൊപ്പമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. എപ്പോഴും ഉണ്ടായിരിക്കും എന്ന് ‘ഗ്യാനേഷ് കുമാർ പറഞ്ഞു.കഴിഞ്ഞ വർഷം മാർച്ചിൽ, പുതിയ നിയമപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സെലക്ഷൻ പാനൽ ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സന്ധുവിനെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കാൻ ശുപാർശ ചെയ്തിരുന്നു.
2023ലെ പുതിയ നിയമമനുസരിച്ച് നിയമിതനാകുന്ന ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ് കുമാർ. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാനുള്ള സമിതിയിൽനിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിനുള്ള പട്ടിക രാഷ്ട്രപതിക്ക് കൈമാറാൻ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുൾപ്പെട്ട സമിതി രൂപീകരിക്കണമെന്ന് 2023 മാർച്ചിൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ നിയമം കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയത്. പുതിയ നിയമപ്രകാരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയും ചേർന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തിരഞ്ഞെടുക്കേണ്ടത്.
ആഗ്ര സ്വദേശിയാണ് ഗ്യാനേഷ് കുമാർ . 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് . കേരളത്തിൽ ധനകാര്യം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിൽ പ്രവർത്തിച്ചു. 2012 മുതൽ ഡൽഹിയിലെ കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണർ ആയിരുന്നു. കേന്ദ്ര സർവീസിൽ പാർലമെന്ററികാര്യ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികൾ ഗ്യാനേഷ്‌കുമാർ വഹിച്ചു.
ഗ്യാനേഷ് കുമാർ 11 മാസമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോഴും കേന്ദ്ര ഭരണ പ്രദേശമായ ശേഷം ജമ്മു കശ്മീരിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോഴുമെല്ലാം ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. 2029 ജനുവരി 26 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരുകയും ചെയ്യും
Discussion about this post