ദുബായ്: വിമാനത്തിൽ പോകാനുള്ള ഭയം കാരണം നാട്ടിൽ പോകാതെ പ്രവാസി യുവാവ് ദുബായിൽ കഴിഞ്ഞത 4 വർഷം. ഒടുവിൽ ദുബായ് രാജ്യാന്തര വിമാനത്താവളം ഇടപെട്ടാണ് ഇയാളെ നാട്ടിലേക്ക് യാത്രയാക്കിയത്. ദുബായ് എയർപോർട്ട് ടെർമിനൽ സർവീസ് ഡെലിവറി ഡ്യൂട്ടി ഓഫീസർ അഹ്‌മദ് അബ്ദുൽബഖിയാണ് സംഭവം പുറത്ത് പറഞ്ഞത്.
മുഹമ്മദ് ബാസിൽ എന്ന യുവാവാണ് വിമവനത്താവളം അധികൃതരെ കുഴപ്പിച്ചത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ ഒരു യുവാവ് പരിഭ്രാന്തനായി ഓടുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് സംഭവത്തെ കുറിച്ച് മനസിലായതെന്ന് അഹ്‌മദ് അബ്ദുൽബഖി പറയുന്നു. യുവാവിന്റെ സഹോദരനാണ് മുഹമ്മദ് ബാസിൽ. നാട്ടിലേക്ക് പോവാനായി മുഹമ്മദ് ബാസിൽ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ, വിമാനത്താവളത്തിലെത്തിയപ്പോഴേക്കും വിമാനത്തിൽ കയറാനുള്ള ഭയം മൂലം, പിൻമാറുകയായിരുന്നു. മുഹമ്മദ് ബാസിൽ എമിഗ്രേഷൻ വരെ എത്തുമ്പോഴേക്കും പേടി കാരണം ശ്വാസം കിട്ടാതെയാവുകയും പരിഭ്രന്തനായി തിരിഞ്ഞോടുകയും ചെയ്തു. ഇതാദ്യത്തെ തവണയല്ല, സഹോദരൻ ഇത്തരത്തിൽ പെരുമാറുന്നതെന്ന് യുവാവ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തതായി അഹ്‌മദ് അബ്ദുൽബഖി പറയുന്നു.
സംഭവത്തിന്റെ ഗൗരവം മനസിലാക്കിയതോടെ, ഇടപെടാൻ അഹ്‌മദ് അബ്ദുൽബഖി തീരുമാനിക്കുകയായിരുന്നു. യുവാവിന്റെ പേടി മാറ്റാനുള്ള വഴികൾ, മറ്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് അദ്ദേഹം ആലോചിച്ചു. കൂടിയാലോചനകൾക്ക് ശേഷം, യുവാവിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുകയായിരുന്നു. ഒടുവിൽ ഇയാളെ തിരികെ നാട്ടിലേക്ക് യാത്രയയക്കുകയായിരുന്നു.
മുഹമ്മദ് ബാസിൽ നാട്ടിലെത്തിയ ഉടൻ, അദ്ദേഹത്തിന്റെ സഹോദരൻ അഹ്‌മദ് അബ്ദുൽബഖിക്ക് നന്ദിയറിയിച്ച് സന്ദേശമയച്ചിരുന്നു. സഹോദരൻ സുരക്ഷിതമായി തന്നെ നാട്ടിൽ എത്തിയതായും വിമാനത്തിൽ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കിയില്ലെന്നും അദ്ദേഹം അഹ്‌മദ് അബ്ദുൽബഖിയെ അറിയിച്ചു. നിങ്ങൾ തന്റെ സഹോദരനെ സഹായിക്കാനെത്തിയ ദൈവത്തിന്റെ മാലാഖയാണ്. പ്രാർത്ഥനയിൽ എന്നും ഉണ്ടാകുമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. സഹാായം ചെയ്ത സെയ്ഫ് എന്ന ഉദ്യോഗസ്ഥനോടും അദ്ദേഹം നന്ദിയറിയിച്ചു.
Discussion about this post