ന്യൂഡൽഹി: നിയമസഭയിൽ അംഗങ്ങളുടെ പ്രസംഗത്തിന്റെ തത്സമയവിവർത്തനത്തിൽ ഇംഗ്ലീഷ് ഒഴിവാക്കി ഉറുദു ഉൾപ്പെടുത്തണമെന്ന സമാജ് വാദി പാർട്ടിയുടെ ആവശ്യത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവ് സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുമ്പോൾ മറ്റുള്ള കുട്ടികൾ ഉർദു പഠിച്ച് മൗലവിമാരാകട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.യുപി സർക്കാർ എല്ലാ ഭാഷകളെയും സമ്പന്നമാക്കാൻ ശ്രമിക്കുമ്പോൾ സംസ്ഥാനത്ത് നടക്കുന്ന എല്ലാ നല്ല പ്രവൃത്തികളെയും നിങ്ങൾ എതിർക്കുന്നു. അവർ (എസ്പി) രാജ്യത്തെ മതഭ്രാന്തിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
നിയമസഭയിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെ പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെ കഴിഞ്ഞ ദിവസം എതിർത്തിരുന്നു. ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഹിന്ദിയെ ദുർബലപ്പെടുത്താൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നുവെന്നായിരുന്നു വിമർശനം. ഇംഗ്ലീഷ് അനുവദിക്കുകയാണെങ്കിൽ ഉർദു ഭാഷയും ഉൾപ്പെടുത്തണെന്നും പാണ്ഡെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് യോഗിയുടെ വിമർശനം.
ഭോജ്പുരി, ബ്രജ്, അവധി, ബുണ്ടേലി തുടങ്ങിയ പ്രാദേശിക ഭാഷകൾ സഭയുടെ നടപടിക്രമങ്ങളിൽ ഉപയോഗിക്കാൻ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ ഭാഷകൾ ഹിന്ദിയിൽ നിന്നാണ് ഉത്ഭവിച്ചത്. പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുപി സർക്കാർ വിവിധ അക്കാദമികൾ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന നിയമസഭയിലെ അംഗങ്ങൾ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. അവരിൽ പലരും ഒഴുക്കോടെ ഹിന്ദി സംസാരിക്കില്ല, പക്ഷേ അവരുടെ മാതൃഭാഷയിൽ ആത്മവിശ്വാസമുണ്ട്.. സഭ നൽകുന്ന സൗകര്യം അവർക്ക് ഉപയോഗിക്കാം,’ യോഗി പറഞ്ഞു.
Discussion about this post