പല കമ്പനികളും തങ്ങളുടെ ജീവനക്കാരോട് മനുഷ്യത്വ വിരുദ്ധമായ സമീപനം സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ അതുപോലെ വലിയ വിമർശനങ്ങൾ നേരിടുകയാണ് ഇപ്പോൾ ചൈനയിൽ നിന്നുള്ള ഒരു കമ്പനി.
ടോയ്‍ലെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് കമ്പനി കൊണ്ടുവന്ന പുതിയ നയമാണ് വിമർശനങ്ങൾക്ക് കാരണമായി തീർന്നത്. ഫെബ്രുവരി 11 മുതലാണ് ഈ നയങ്ങൾ നിലവിൽ വന്നത് എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
വിവാദമായ പുതിയ നയപ്രകാരം ഇവിടുത്ത ജീവനക്കാർക്ക് നിർദ്ദേശിച്ചിരിക്കുന്ന സമയത്ത്, നിർദ്ദേശിച്ചിരുന്ന സ്ലോട്ടിൽ മാത്രമേ ടോയ്‍ലെറ്റ് ഉപയോഗിക്കാനുള്ള അനുമതി ഉള്ളൂ. അത് മാത്രമല്ല, ആകെ രണ്ട് മിനിറ്റാണ് ടോയ്‍ലെറ്റിൽ പോകാൻ അനുവദിച്ചിരിക്കുന്ന സമയം. അപ്പോഴേക്കും പോയി തിരികെ വന്ന് ജോലി ആരംഭിക്കണം.
ഗ്വാങ്ഡോങ്ങിലെ ഫോഷനിലുള്ള ത്രീ ബ്രദേഴ്സ് മെഷീൻ മാനുഫാക്ചറിംഗ് കമ്പനിയാണ് ഈ തൊഴിലാളി വിരുദ്ധ നയത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നത്. അച്ചടക്കവും പെരുമാറ്റവും ഒക്കെ മെച്ചപ്പെടുത്താനാണ് പുതിയ നയം കൊണ്ടുവന്നത് എന്നാണ് കമ്പനിയുടെ വാദം.
ടോയ്‍ലെറ്റ് ഉപയോഗിക്കാൻ ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്ന സമയം ഇങ്ങനെയാണ്. രാവിലെ എട്ട് മണിക്ക് മുമ്പ്. രാവിലെ 10.30 മുതൽ 10.40 വരെ. ഉച്ചയ്ക്ക് 12 മണിക്കും 1.30 നും ഇടയിൽ. വൈകുന്നേരം 3.30 മുതൽ 3.40 വരെ. 5.30 മുതൽ 6 മണി വരെ.
വളരെ അത്യാവശ്യം വരികയാണെങ്കിൽ മാത്രമാണ് ഇതിനിടയിൽ ടോയ്‍ലെറ്റ് ഉപയോഗിക്കാൻ സാധിക്കുക. അതും രണ്ട് മിനിറ്റ് മാത്രമേ അതിന് വേണ്ടി ഉപയോഗിക്കാവൂ എന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ കമ്പനിക്കെതിരെ വലിയ വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Discussion about this post