കൊല്ലം: ഇനിമുതല്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ (യാത്രാനിരക്ക് പ്രദര്‍ശിപ്പിക്കുന്ന മീറ്റര്‍) പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറിന്റെ സര്‍ക്കുലര്‍. അമിത ചാര്‍ജ്ജ് ഈടാക്കുന്നത് മൂലം സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവര്‍മാരുമായി സംഘര്‍ഷങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലാണ് ഈ് തീരുമാനം.
മോട്ടോര്‍ വാഹന വകുപ്പിന് കൊച്ചി സ്വദേശി കെ.പി. മത്ത്യാസ് ഫ്രാന്‍സിസ് സമര്‍പ്പിച്ച നിര്‍ദ്ദേശമാണ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാവര്‍ത്തികമാക്കുന്നത്. ദുബായിയില്‍ ഓട്ടോറിക്ഷകളിലെ യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്താല്‍ മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ യാത്രസൗജന്യം( ‘If the fare meter is not working, journey is free’)എന്ന സ്റ്റിക്കര്‍ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് റോഡ്സുരക്ഷാ നിയമങ്ങളില്‍ നിര്‍ദേശമുണ്ട്.
കേരളത്തിലെ ഓട്ടോകളിലും ”യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം” എന്ന് മലയാളത്തിലും ‘If the fare meter is not engaged or not working, your journey is free’ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നായിരുന്നു കെ.പി മത്ത്യാസിന്റെ നിര്‍ദ്ദേശം.
കഴിഞ്ഞ 24- ന് ചേര്‍ന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗം നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു. സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ തുടര്‍ന്നുള്ള ഫിറ്റ്നസ് സിര്‍ട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും. ഈ ഓട്ടോറിക്ഷകള്‍ ടാക്സി സര്‍വീസ് നടത്തിയാല്‍ ഡ്രൈവര്‍മാരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കും
പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നത് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ ഉറപ്പു വരുത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലൂടെ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. സ്റ്റിക്കര്‍ പതിക്കാതെ ടെസ്റ്റിന് എത്തുന്ന ഓട്ടോകളെ പരിഗണിക്കേണ്ടതില്ലെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍മാര്‍ക്കും ജോയിന്റ് റീജയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും നിര്‍ദേശമുണ്ട്.
Discussion about this post