ന്യൂഡൽഹി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന് പ്രശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനുവേണ്ടി ജീവിക്കാനുള്ള പ്രചോദനം ലഭിച്ചത് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ നിന്നും ആണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെപ്പോലുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള പ്രചോദനം നൽകിയത് ആർഎസ്എസ് ആണ്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും സംസ്കാരവും ഓരോ പുതിയ തലമുറയിലേക്കും എത്തിക്കുന്നതിനായി കഴിഞ്ഞ 100 വർഷമായി ആർഎസ്‌എസ് ഒരു സംസ്‌കാര യാഗം നടത്തിവരികയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ നടക്കുന്ന 98-ാമത് അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികവും ആർഎസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളും പ്രമാണിച്ചാണ് അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളനം രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്ര എന്ന മഹത്തായ നാട്ടിൽ, മറാത്തി സംസാരിക്കുന്ന ഒരു ശ്രദ്ധേയനായ വ്യക്തിയാണ് 100 വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന വിത്ത് നട്ടുവളർത്തിയത്. ഇന്ന് ആ വിത്ത് ഒരു ആൽമരം പോലെ വളർന്ന് പടർന്ന് പന്തലിച്ചു. ഇന്ന് നമ്മൾ അതിന്റെ ശതാബ്ദി ആഘോഷിക്കുന്നു എന്നും പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
ഭാഷയുടെ അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭാഷകൾക്കിടയിൽ ഒരിക്കലും ഒരു ശത്രുതയും ഉണ്ടായിട്ടില്ല. ഓരോ ഭാഷയും മറ്റൊന്നിനെ സമ്പന്നമാക്കാൻ കാരണമായിട്ടുണ്ട്. തെറ്റിദ്ധാരണകളിൽ നിന്ന് സ്വയം അകന്നു നിൽക്കുകയും എല്ലാ ഭാഷകളെയും സ്വീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്യേണ്ടത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണ് എന്നും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.
Discussion about this post