ലക്‌നൗ: കുംഭമേളയ്‌ക്കെതിരെ അനാവശ്യ പ്രചാരണങ്ങൾ നടത്തുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയ്‌ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് അടിമത്വ മനോഭാവം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഛത്താർപ്പൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ കാലത്ത് മതത്തെ പരിഹസിക്കുകയും, ജനങ്ങളെ മതത്തിന്റെ പേര് പറഞ്ഞ് ഭിന്നിപ്പിക്കുകയും ചെയ്യുന്ന കൂട്ടരുണ്ട്. നമ്മുടെ രാജ്യത്തെ ദുർബലപ്പെടുത്താൻ വിദേശശക്തികൾ കൂട്ടുപിടിക്കുന്നത് ഇക്കൂട്ടരെ ആണ്. നമ്മുടെ മതത്തെയും ഇവർ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. ഹിന്ദു വിശ്വാസത്തെ എതിർക്കുന്ന ആളുകൾ കാലങ്ങളായി ഇവിടെ ജീവിക്കുന്നു.
നമ്മുടെ ക്ഷേത്രങ്ങളെയും, സംസ്‌കാരത്തെയും, പൈതൃകത്തെയും, ആഘോഷങ്ങളെയും ലക്ഷ്യമിടുന്നവർക്ക് ഒരേയൊരു അജണ്ട മാത്രമാണ് ഉള്ളത്. നമ്മുടെ രാജ്യത്തിന്റെ ഐക്യം തകർക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. നമ്മുടെ മതത്തെയും സംസ്‌കാരത്തെയും ആക്രമിക്കുന്നവർ പുരോഗമനവാദികൾ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ സമൂഹത്തെ വിഭജിക്കുകയും ഐക്യം ഇല്ലാതാക്കുകയും മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രയാഗ്‌രാജിൽ കുംഭമേള ആരംഭിച്ചത് മുതൽ നിരവധി വിമർശനങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ആയിരുന്നു പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നത്. കോൺഗ്രസ് ദേശീയദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടേത് ആയിരുന്നു ഇതിൽ ആദ്യത്തേത്. ഗംഗയിൽ മുങ്ങിയാൽ പട്ടിണി മാറില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവവും കോൺഗ്രസ് ആയുധം ആക്കിയിരുന്നു. ഗംഗാ നദിയിൽ മനുഷ്യരുടെ വിസർജ്യം കലർന്നിട്ടുണ്ടെന്നും, നദി മലിനമാണെന്നുമാണ് ഇപ്പോൾ ഉയർന്നുവരുന്ന ആരോപണം. സൗകര്യം ഒരുക്കുന്നതിൽ സർക്കാരിന് ഉണ്ടായ വീഴ്ചയാണ് ഇതിന് കാരണം ആയതെന്നും വിമർശനം ഉയരുന്നുണ്ട്.
Leave a Comment