തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസില്‍ പൊലീസ് ഇന്ന് പ്രതി അഫാന്റെ മാതാവ് ഷെമിനയുടെ മൊഴി രേഖപ്പെടുത്തും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാന്‍ ഡോക്ടര്‍മാര്‍ പൊലീസിന് അനുമതി നല്‍കിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങള്‍ നടത്തേണ്ടി വന്നു എന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.
വെഞ്ഞാറമൂടില്‍ കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തുന്നതിനിടയില്‍ പ്രതി അഫാന്‍ സ്വന്തം കടം വീട്ടിയെന്നാണ് പൊലീസ് പറയുന്നത്. പിതാവിന്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി.
അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയാണെന്ന അഫാന്റെ മൊഴി സാധൂകരിക്കുന്നതാണ് ഈ കണ്ടെത്തലുകള്‍ എന്നാണ് പൊലീസ് പറയുന്നത്. അഫാന്റെ വിശദമായ മൊഴി എടുക്കുന്നതോടെ ഇതില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്റെ ഭാഷ്യം.
Discussion about this post