യുഎസിൽ ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരത്തിലെത്തിയതോടെ ലോകം മുഴുവൻ ചർച്ചയായ വിഷയമാണ് കൂട്ട നാടുകടത്തൽ. അനധികൃതമായി രാജ്യത്ത് കൂടിയേറിയ ആയിരക്കണക്കിന് പേരെയാണ് ഇതുവരെയായി ട്രംപ് സർക്കാർ അമേരിക്കയിൽ നിന്നും നാടുകടത്തിയത്. ഇപ്പോൾ ഇതേ മാതൃകയിൽ ഒരു കൂട്ട നാടുകടത്തലിന് ഒരുങ്ങുകയാണ് ഇന്ത്യയിൽ അസം സർക്കാരും. വർഷങ്ങളായി അസമിലെ തടങ്കൽ പാളയത്തിൽ കഴിഞ്ഞുവരുന്ന അനധികൃത കുടിയേറ്റക്കാരെയാണ് അസം നാടുകടത്താനൊരുങ്ങുന്നത്. ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 300 ഓളം രോഹിംഗ്യൻ മുസ്ലിം കുടിയേറ്റക്കാരാണ് അസമിലെ തടങ്കൽ പാളയത്തിൽ കഴിയുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തടങ്കൽ പാളയം ആണ് അസമിലുള്ളത്. മാട്ടിയ ട്രാൻസിറ്റ് ക്യാമ്പ് എന്ന ഈ തടങ്കൽ പാളയത്തിൽ ആണ് വിദേശരാജ്യങ്ങളിൽ നിന്നും അനധികൃതമായി കുടിയേറാൻ ശ്രമിച്ചവരെ പാർപ്പിച്ചിട്ടുള്ളത്. നിലവിൽ 270 പേരാണ് ക്യാമ്പിനുള്ളിൽ ഉള്ളത്. മ്യാൻമറിൽ നിന്നും ബംഗ്ലാദേശിൽ നിന്നും നിയമവിരുദ്ധമായി നുഴഞ്ഞുകയറിയ രോഹിംഗ്യൻ മുസ്ലീങ്ങളാണ് ഈ തടവുകാർ. കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങിയതിനും സാധുവായ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതുമായും ബന്ധപ്പെട്ട നിയമ വകുപ്പുകൾ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ വിദേശ വിലാസമുള്ള 63 പേരെയാണ് ആദ്യഘട്ടത്തിൽ നാടുകടത്തുന്നത്.
ലോവർ അസമിലെ ഗോൾപാറ ജില്ലയിലെ മാട്ടിയയിൽ ആണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിറ്റൻഷൻ ക്യാമ്പ് അഥവാ തടങ്കൽ പാളയം പ്രവർത്തിക്കുന്നത്. 2023-ൽ ആണ് മാട്ടിയ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചത്. അതിനുമുൻപ് അസമിൽ അനധികൃത കുടിയേറ്റത്തിന് പിടിക്കപ്പെടുന്നവരെയും മറ്റു വിദേശ കുറ്റവാളികളെയും ഗോൾപാറ, കൊക്രഝർ, സിൽചാർ, ദിബ്രുഗഡ്, ജോർഹട്ട്, തേസ്പൂർ എന്നിവിടങ്ങളിലെ ജയിലുകളിലായി സ്ഥിതി ചെയ്യുന്ന ആറ് താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിരുന്നത്. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെയാണ് മാട്ടിയയിൽ ഒരു വലിയ തടങ്കൽ പാളയം നിർമ്മിച്ചത്. ഒരേസമയം 3000 കുറ്റവാളികളെ പാർപ്പിക്കാൻ കഴിയുന്ന ക്യാമ്പാണിത്. ഒരു കോംപ്ലക്സിൽ 15 കെട്ടിടങ്ങൾ ആയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഓരോ കെട്ടിടത്തിലും 200 പേരെ വീതമാണ് താമസിപ്പിക്കാൻ ആകുക. 2023 മാർച്ചിൽ മറ്റു ജയിലുകളിൽ കഴിഞ്ഞിരുന്ന വിദേശ തടവുകാരെ എല്ലാവരെയും മാട്ടിയ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. വിവിധ കേസുകളിലായി ഇവിടെ ജയിലിൽ കഴിഞ്ഞിരുന്ന 750-ഓളം പേർ നിലവിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് പുറത്താണ്.
വർഷങ്ങളായി അസം നേരിടുന്ന ഏറ്റവും വലിയ തലവേദനയാണ് രോഹിംഗ്യൻ അഭയാർത്ഥികളുടെയും ബംഗ്ലാദേശികളുടെയും നുഴഞ്ഞുകയറ്റം. എവിടെനിന്നു വന്നു എന്നുള്ളത് തെളിയിക്കുന്ന മേൽവിലാസം പോലും ഇല്ലാത്ത ഈ കുറ്റവാളികളെ പാർപ്പിക്കുന്നതിനായാണ് മാട്ടിയ ക്യാമ്പ് നിർമ്മിച്ചത്. കേന്ദ്രസർക്കാരാണ് ഈ ക്യാമ്പിന്റെ നിർമ്മാണത്തിന്റെ ചിലവ് വഹിച്ചത്. 64 കോടി രൂപയാണ് മാട്ടിയ ക്യാമ്പിന്റെ നിർമ്മാണത്തിന് കേന്ദ്രസർക്കാർ ചിലവഴിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് ഇവിടെ തടവിൽ കഴിയുന്നവർ. ഈ കാരണത്താൽ തന്നെ മാനുഷിക പരിഗണന വെച്ച് ക്യാമ്പിനുള്ളിൽ തന്നെ ഒരു ആശുപത്രിയും കുട്ടികൾക്ക് പഠിക്കാനുള്ള സ്കൂളും തയ്യാറാക്കിയിട്ടുണ്ട്.
മാട്ടിയ ക്യാമ്പിൽ തടവിൽ കഴിയുന്ന ഭൂരിഭാഗം പേരുടെയും യഥാർത്ഥ മേൽവിലാസം ലഭ്യമല്ല. ഈ കാരണത്താലാണ് ഇവരെ നാടുകടത്തുന്നതിൽ സംസ്ഥാന സർക്കാരിന് പരിമിതികൾ ഉണ്ടായിരുന്നത്. എന്നാൽ മാട്ടിയ തടങ്കൽ പാളയത്തിൽ കഴിയുന്ന വിദേശികളെ എത്രയും പെട്ടെന്ന് നാടുകടത്തണമെന്ന് ഫെബ്രുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവിന്റെ ഭാഗമായാണ് ആദ്യഘട്ടമായി 63 പേരെ അസം നാടുകടത്താൻ ഒരുങ്ങുന്നത്. വൈകാതെ തന്നെ ക്യാമ്പിൽ കഴിയുന്ന മറ്റുള്ളവരെയും നാടുകടത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post