ന്യൂഡൽഹി; കുംഭമേളയിൽ 130 ബോട്ടുകളുള്ള കുടുംബം 30 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് യോഗി ആദിത്യനാഥ്. യുപി നിയമസഭയിൽ 2025-26 സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബോട്ടുകളുളള ഒരു കുടുംബത്തിൻറെ വിജയകഥയാണ് ഞാൻ പറയുന്നത്. മഹാകുംഭമേള നടന്ന 45 ദിവസത്തിനുള്ളിൽ അവർ 30 കോടി ലാഭം നേടി. അതായത് ഓരോ ബോട്ടും 23 ലക്ഷം രൂപ സമ്പാദിച്ചു. പ്രതിദിനം അൻപതിനായിരം മുതൽ അൻപത്തിരണ്ടായിരം വരെ ഓരോ ബോട്ടിനും സമ്പാദിക്കാനായി. പ്രയാഗ്‌രാജിലെ ബോട്ട്കാർ ചൂഷണംചെയ്യപ്പെട്ടു എന്ന സമാജ് വാദ്പാർട്ടിയുടെ ആരോപണത്തിന് ആയിരുന്നു യോഗി ആദിത്യനാഥിൻറെ മറുപടി.
മഹാകുംഭത്തിൻറെ കുറ്റമറ്റ ക്രമസമാധാന പരിപാലനത്തെയും മുഖ്യമന്ത്രി പ്രശംസിച്ചു. , 45 ദിവസത്തിനുള്ളിൽ 66 കോടിയിലധികം ഭക്തരും വിനോദസഞ്ചാരികളും പ്രയാഗ് രാജിൽ വന്നുപോയി. ഒരു കുറ്റകൃത്യംപോലും സംഭവിച്ചില്ല.
“പീഡനം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, കൊലപാതകം എന്നിങ്ങനെയുള്ള ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.അറുപത്തിയാറ് കോടി ആളുകൾ എത്തി, പങ്കെടുത്തു, സന്തോഷത്തോടെ തിരിച്ചു പോയി. മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഇത് വലിയ നഷ്ടമായിരുന്നു. പങ്കെടുത്തവർക്കാകട്ടെ ഇത് വലിയ അത്ഭുതവും, യോഗി പറഞ്ഞു.
മഹാ കുംഭമേളയ്ക്കായി 7,500 കോടി രൂപയാണ് സർക്കാർ നിക്ഷേപിച്ചത്. ഇത് വിവിധ മേഖലകളിലായി മൂന്ന് ലക്ഷം കോടി രൂപയുടെ റെക്കോർഡ് ബിസിനസ്സ് ആണ് സംസ്ഥാനത്ത് ഉണ്ടാക്കിയതെന്നും ആദിത്യനാഥ് എടുത്തുപറഞ്ഞു.
ഹോട്ടൽ വ്യവസായത്തിൽ 40,000 കോടി രൂപയും, ഭക്ഷണ-ദൈനംദിന അവശ്യവസ്തുക്കളുടെ ഇനത്തിൽ 33,000 കോടി രൂപയും, ഗതാഗതത്തിൽ 1.5 ലക്ഷം കോടി രൂപയും, മതപരമായ വഴിപാടുകളിൽ 20,000 കോടി രൂപയും, സംഭാവനകളിൽ 660 കോടി രൂപയും, ടോൾ നികുതിയിൽ 300 കോടി രൂപയും, മറ്റ് വരുമാനത്തിൽ 66,000 കോടി രൂപയും ഈ പരിപാടിയിലൂടെ സംസ്ഥാനത്തിന് ലഭിച്ചതായി അദ്ദേഹം നിയമസഭയെ അറിയിച്ചു.
“മഹാ കുംഭമേളയുടെ സാമ്പത്തിക ലാഭം ഈ വർഷം ഇന്ത്യയുടെ 6.5 ശതമാനം ജിഡിപി വളർച്ചയ്ക്ക് കാരണമാകും,” മുഖ്യമന്ത്രി ആദിത്യനാഥ് അവകാശപ്പെട്ടു. മഹാ കുംഭമേളയ്ക്കായി ചെലവഴിച്ച 7,500 കോടി രൂപ കേവലം കുംഭമേള പരിപാടിക്കു വേണ്ടി മാത്രമല്ല, പ്രയാഗ്‌രാജിന്റെ സുസ്ഥിര വികസനത്തിനു കൂടി വേണ്ടിയാണ് ആ പണം ചിലവഴിച്ചതെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.
“നഗരത്തിൻറെ അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്താൽ മഹാ കുംഭമേളയിലൂടെ സാധിച്ചു. 200-ലധികം റോഡുകൾ വീതികൂട്ടി, 14 ഫ്ലൈ ഓവറുകൾ, ഒമ്പത് അണ്ടർപാസുകൾ, 12 ഇടനാഴികൾ എന്നിവ നിർമ്മിച്ചു,” അദ്ദേഹം സഭയെ അറിയിച്ചു.
അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ നിന്ന് കുംഭമേളയ്ക്ക് ലഭിച്ച പ്രശംസയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു, പ്രമുഖ അന്തർദേശീയ മാദ്ധ്യമ സ്ഥാപനങ്ങളുടെ പേരുകളും അവർ മഹാ കുംഭമേളയെ പ്രശംസിച്ചതും അദ്ദേഹം സഭയിൽ വായിച്ചു.
Discussion about this post