പതിറ്റാണ്ടുകൾ നീണ്ട ഇടതു-വലതു മുന്നണികളുടെ ദുർഭരണത്തിന് അന്ത്യം കുറിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം കോർപ്പറേഷന്റെ അമരത്ത് ആദ്യമായി ബിജെപി എത്തിയതിന് പിന്നാലെ തലസ്ഥാന നഗരിയിൽ സംഘടിപ്പിച്ച വൻ ജനസാഗരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫും യുഡിഎഫും അഴിമതിയുടെയും പ്രീണന രാഷ്ട്രീയത്തിന്റെയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അവരെ ജനം തൂത്തെറിയുന്ന കാലം അതിദൂരമല്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണസമിതിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, തിരുവനന്തപുരത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി മാറ്റാൻ കേന്ദ്രസർക്കാരിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. “ഇതൊരു കേവല വിജയമല്ല, മറിച്ച് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും വിജയമാണ്. വരും നാളുകളിൽ ഭാരതത്തിലെ നഗരങ്ങൾക്ക് മാതൃകയായി തിരുവനന്തപുരം മാറുമെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ ബിജെപിയുടെ വളർച്ചയും തിരുവനന്തപുരത്തെ വിജയവും തമ്മിലുള്ള സാമ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 1987-ൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്താണ് ബിജെപി ഗുജറാത്തിൽ വേരോട്ടം നടത്തിയത്. സമാനമായ രീതിയിൽ തിരുവനന്തപുരത്തെ ഈ വിജയം കേരളം മുഴുവൻ പടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ എൽഡിഎഫും യുഡിഎഫും മാറിമാറി വഞ്ചിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. “കൊടിയുടെ നിറം മാറിയാലും ഇവരുടെ അജണ്ട ഒന്ന് തന്നെയാണ്—അഴിമതിയും പ്രീണനവും. അഞ്ച് വർഷം കൂടുമ്പോൾ അധികാരം കൈമാറുന്ന ഈ ഒത്തുകളി രാഷ്ട്രീയത്തിൽ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആരും ചർച്ച ചെയ്യുന്നില്ല. സഹകരണ ബാങ്ക് തട്ടിപ്പുകളിലൂടെ സാധാരണക്കാരന്റെ പണം കൊള്ളയടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കൊള്ളയടിച്ച ഓരോ പൈസയും തിരിച്ചുപിടിക്കുമെന്ന്,” അദ്ദേഹം പ്രഖ്യാപിച്ചു.
നഗർകോവിൽ-മംഗളൂരു, തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ചർലപ്പള്ളി എന്നീ മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ അത്യാധുനിക റേഡിയോ സർജറി സെന്റർ, സിഎസ്ഐആർ-എൻഐഐഎസ്ടി ഇന്നൊവേഷൻ ഹബ്ബ് എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു. പാവപ്പെട്ട വഴിയോര കച്ചവടക്കാർക്കായി പിഎം സ്വനിധി ക്രെഡിറ്റ് കാർഡ് വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.











Discussion about this post