പൊതു പരിപാടികളെ ഭീഷണിപ്പെടുത്താനോ, ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്താനോ ഉള്ള ഇത്തരം ശ്രമങ്ങളെ പൂർണ്ണമായും എതിർക്കുന്നുവെന്നും യുകെ ഗവൺമെൻറ് വക്താവ്. ലണ്ടനിലെ ചാതം ഹൗസിന് സമീപത്ത് ഖാലിസ്ഥാൻ പ്രതിഷേധക്കാർ വിദേശകാര്യമന്ത്രി ജയശങ്കറിൻറെ വാഹനത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചതിലായിരുന്നു യുകെ ഗവൺമെൻറ് പ്രതിഷേധം അറിയിച്ചത്. ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ എസ്.ജയശങ്കറിൻറെ ഔദ്യോഗിക വാഹനത്തിന് സമീപത്തെത്തിയിരുന്നു.
“സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം യുകെ എല്ലാവർക്കും അനുവദിക്കുന്നുണ്ട്, അതേ സമയം പൊതു പരിപാടികളെ ഭീഷണിപ്പെടുത്താനോ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ല. അന്താരാഷ്ട്ര ബാധ്യതകൾക്ക് അനുസൃതമായി, ഞങ്ങളുടെ എല്ലാ നയതന്ത്ര സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്, വക്താവ് പറഞ്ഞു. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫയേഴ്‌സ് സ്ഥിതി ചെയ്യുന്ന ചാതം ഹൗസിൽ, ജയ്‌ശങ്കറിന്റെ ഒരാഴ്ച നീണ്ടുനിന്ന യുകെ, അയർലൻഡ് സന്ദർശനത്തിന്റെ രണ്ടാം ദിവസമായിരുന്നു സംഭവം നടന്നത്.
ചാതം ഹൗസിന് എതിർവശത്ത് റോഡിന്റെ എതിർവശത്ത് പ്രതിഷേധവുമായി ഖാലിസ്ഥാൻ പ്രതിഷേധക്കാർ സംഘടിച്ചു. ജയ്ശങ്കർ കെട്ടിടത്തിനുള്ളിൽ പ്രസംഗിക്കുമ്പോൾ കെട്ടിടത്തിന് പുറത്ത് ഖാലിസ്ഥാൻ കൊടികളുമേന്തി പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഖാലിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ശക്തമായ ബാരിക്കേഡുകൾ കൊണ്ട് പോലീസ് സുരക്ഷാ വലയം നിർമ്മിച്ചിരുന്നു. ഇതിന് പിന്നിലായാണ് പ്രതിഷേധക്കാർ അണിനിരന്നത്.
ചാതം ഹൗസിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചാതം ഹൗസ് ഡയറക്ടറും സിഇഒയുമായ ബ്രോൺവെൻ മാഡോക്സുമായും സംഭാഷണം നടത്തി. ചർച്ച കഴിഞ്ഞ് കെട്ടിടത്തിൽ നിന്ന് പുറത്തുവന്ന് ജയ്ശങ്കർ തന്റെ വാഹനത്തിൽ കയറാൻ തുടങ്ങുമ്പോൾ, ഇന്ത്യൻ പതാകയേന്തിയ ഒരാൾ ബാരിക്കേഡുകൾക്ക് പിന്നിൽ നിന്ന് അകത്തേക്ക് ചാടിക്കടന്നു. പോലീസ് വലയം ഭേദിച്ച് ജയ്ശങ്കറിന്റെ വാഹന വ്യൂഹത്തിനടുത്തേക്ക് അയാൾ ഓടിക്കയറുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുമായി അയാൾ ഉന്തും തള്ളമുണ്ടായെങ്കിലും ജയശങ്കറിൻറെ വാഹനത്തിന് മുന്നിൽ നിന്നുകൊണ്ട് ഇന്ത്യൻ പതാക വലിച്ചുകീറുകയും ചെയ്തു. തുടർന്ന് പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേ സമയം ലണ്ടനിലെ ചാതം ഹൗസിന് പുറത്തുള്ള സുരക്ഷാ വീഴ്ചയെ ഇന്ത്യ ശക്തമായി അപലപിച്ചു. യുകെ സർക്കാർ “നയതന്ത്ര ബാധ്യതകൾ നിറവേറ്റുമെന്ന്” പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യ അറിയിച്ചു.മന്ത്രിയുടെ സുരക്ഷാ ലംഘനമാണ് ഖാലിസ്ഥാൻ അനുകൂലികളുടെ ഭാഗത്തുനിന്നുണ്ടായത് ഇത്തരം പ്രകോപനപരമായ പ്രവർത്തനങ്ങളെ അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദർശന വേളയിൽ സുരക്ഷാ വീഴ്ചയുണ്ടായതിന്റെ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടു. വിഘടനവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനപരമായ പ്രവർത്തനങ്ങളെ ഞങ്ങൾ അപലപിക്കുന്നു,” .”ഇത്തരം സംഘങ്ങൾ ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെയും ഇന്ത്യ അപലപിക്കുന്നു. യുകെ സർക്കാർ അവരുടെ നയതന്ത്ര ബാധ്യതകൾ പൂർണ്ണമായും നിറവേറ്റുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.”ജയ്‌സ്വാൾ പറഞ്ഞു
Discussion about this post