2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തി ശുഭ്മാൻ ഗിൽ. സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ പഞ്ചാബിനായി അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ഗിൽ നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ പുറത്തായി.
ടെസ്റ്റിൽ ഇംഗ്ലണ്ട് പര്യടനത്തിൽ ഉൾപ്പടെ മികച്ച ഫോമിലായിരുന്നു ഗിൽ ആ മികവ് ആവർത്തിക്കാനാണ് രഞ്ജി മത്സരത്തിലിറങ്ങിയത്. എന്നാൽ നിർണ്ണായക പോരാട്ടത്തിൽ പഞ്ചാബ് ക്യാപ്റ്റനായ ഗിൽ റണ്ണൊന്നുമെടുക്കാതെ മടങ്ങുകയായിരുന്നു. പരിക്കിനെത്തുടർന്ന് വിട്ടുനിന്ന ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് ഗിൽ തിരിച്ചെത്തിയ ആദ്യ മത്സരമായിരുന്നു ഇത്.
ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട ഉയർത്തിയ 172 എന്ന ചെറിയ സ്കോർ പിന്തുടർന്നപ്പോൾ കൂറ്റൻ ലീഡ് ആയിരുന്നു പഞ്ചാബ് പ്രതീക്ഷിച്ചത് എങ്കിൽ ഉണ്ടായത് വമ്പൻ തകർച്ചയായിരുന്നു. വിക്കറ്റുകൾ ഒന്നൊന്നായി വീഴുന്നതിനിടെ അഞ്ചാമനായി ക്രീസിലെത്തിയ ഗിൽ സ്പിന്നർ പാർത്ഥ് ഭട്ടിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് ഗിൽ പുറത്തായത്. 34 പന്തിൽ 35 റൺസെടുത്ത അൻമോൽപ്രീത് സിംഗാണ് പഞ്ചാബിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഓപ്പണർ പ്രഭ്സിംറാൻ സിംഗ് 44 റൺസ് നേടി ടോപ് സ്കോററായി, എന്നാലും അവർ ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങി.
2024-ൽ ഇന്ത്യൻ വൈറ്റ് ബോൾ ടീമുകളുടെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഗില്ലിനെ 2026 ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് (സ്കോറുകൾ: 4, 0, 28) ഗില്ലിന് വിനയായത്.













Discussion about this post