കലാഭവന്‍ മണിയുടെ മരണത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍ ഒരു കുറിപ്പ് പോലും നല്കിയില്ലല്ലോ എന്ന വിമര്‍ശകരുടെ ചോദ്യത്തിന് മുന്നില്‍ മോഹന്‍ലാല്‍ മനസ്സ് തുറന്നു.
‘കലാഭവന്‍ മണി മരിച്ചിട്ടു തൊട്ടടുത്ത ദിവസം നിങ്ങള്‍ എന്താണു എവിടെയും ഒന്നും പറയാതിരുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ചോദിക്കുന്നതു കണ്ടു. ഇതിനു ഞാന്‍ മറുപടി പറയേണ്ടതില്ലെന്നു ആദ്യം കരുതിയതാണ്. എന്നാല്‍ എനിക്കിപ്പോള്‍ ഇതു കുറിക്കണം എന്നു തോന്നുന്നു. എന്ന മോഹന്‍ലാലിന്റെ മുഖവുരയോടെ മനോരമ ഓണ്‍ലൈനാണ് കുറിപ്പ് പുറത്ത് വിട്ടത്.
മണി ആശുപത്രിയിലെത്തിയതു മുതല്‍ ഞാന്‍ അവിടെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈകീട്ടാകുമ്പോഴേക്കും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു മണി അപകടത്തിലേക്കാണു പോകുന്നതെന്ന്. മണിയെ ആശുപത്രിയിലെത്തിച്ചതുപോലും അധികമാരും അറിഞ്ഞിരുന്നില്ല. അന്നു രാവിലെ മാത്രമാണു പലരും ഇതറിയുന്നത്. മണിയുടെ മരണം എന്നിലുണ്ടാക്കിയത് ഒരു നിസ്സംഗതയാണ്. ആരോടും ഒന്നും പറയാന്‍ തോന്നിയില്ല എന്നതാണു സത്യം. പത്മരാജന് സാറിന്റേയും ആലുംമൂടന്‍ ചേട്ടന്റെയും മരണം ഞാന്‍ തൊട്ടടുത്തു കണ്ടിട്ടുണ്ട്. അപ്പോള്‍ തോന്നിയ നിസ്സംഗതയായിരുന്നു ഈ വിവരം കിട്ടിയപ്പോഴും. ലാല്‍ എഴുതുന്നു.
മണി എല്ലാം തുറന്നു പറയുന്ന വല്ലാത്തൊരു പ്രകൃതമായിരുന്നു തുടങ്ങി മണിയുമായുള്ള അനുഭവങ്ങള്‍ പങ്കുവച്ച മോഹന്‍ലാല്‍ രോഗത്തിനു മുന്നിലുള്ള നിസ്സഹായതയെക്കുറിച്ചു പറഞ്ഞപ്പോള്‍ മാത്രം ഞാനിതുവരെ കാണാത്തൊരു മണിയെ കണ്ടുവെന്ന് എഴുതുന്നു.
‘ചിലര്‍ ഈ ലോകത്തുനിന്നു പോയി എന്നു നമുക്കു പറയാന്‍ തോന്നില്ല. അതേക്കുറിച്ചു സംസാരിക്കാന്‍ തോന്നില്ല. നാം അതു മറക്കാന്‍ ശ്രമിക്കും. ഇവിടെ എവിടെയോ ഉണ്ടെന്നു വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. വളരെ വേണ്ടപ്പെട്ടവര്‍ ഇല്ലാതായവര്‍ക്കു ആ വേദന മനസ്സിലാകും. എനിക്കു മണി വളരെ വേണ്ടപ്പെട്ട ഒരാളായിരുന്നു. എന്തിനും കൂടെ നില്ക്കാം എന്നു പറയുന്നൊരു ധൈര്യമായിരുന്നു. ചിലരുമായി പുറത്തു കാണിക്കുന്നതിലും അപ്പുറത്തൊരു ബന്ധം നമുക്കുണ്ടാകും. മണിയുമായി ഉണ്ടായിരുന്നത് ആ അടുപ്പമാണ്. ‘
ഒരു ചാനല്‍ മൈക്കിനു മുന്നില്‍ അനുശോചനം പറയാന്‍ എന്റെ മനസ്സില്‍ ഒന്നുമില്ലായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.
‘മണി മരിച്ചു ഫ്രീസറില്‍ കിടക്കുന്നതിന്റെ ചിത്രം വാട്ട്സാപ്പില്‍ കണ്ടപ്പോഴുണ്ടായ അസ്വസ്ഥത മറ്റാര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ല. വീണ്ടുമതെടുത്തു നോക്കാനാകുന്നില്ല. എന്റെ മുന്നില്‍ ജീവിത വേദനകളും കുട്ടിക്കാലവുമെല്ലാം തുറന്നുവച്ചു കണ്ണുനിറച്ച ഒരാളാണു ഇല്ലാതായത്. അതിനു മുന്‍പു എന്റെ മുന്നില്‍ ഒരാളും ഇത്രയും സത്യസന്ധമായി ജീവിതം തുറന്നുവച്ചിട്ടില്ല. ചില ബന്ധങ്ങളുടെ ആഴം പുറത്തു പറയാവുതല്ല. അടുത്തകാലത്തൊന്നും ഒരു മരണവും എന്നെ ഇത്രയേറെ നിസ്സംഗനാക്കിയിട്ടില്ല. മരണ വാര്‍ത്തയുടെ പത്രംപോലും മറിച്ചുനോക്കി ഞാന്‍ മാറ്റിവച്ചു. രണ്ടു ദിവസം വല്ലാത്ത ദിവസങ്ങളായിരുന്നു. പതിവിലും കൂടുതല്‍ ജോലി ചെയ്തു അതു മറക്കാന്‍ നോക്കി. ഒരു മരണത്തെക്കുറിച്ചു ഇതില്‍ കൂടുതലൊന്നും പറയാന്‍ എനിക്കറിയില്ല.-മോഹന്‍ലാല്‍ പറയുന്നു.
ഇന്ന് രാവിലെ ഫേസ്ബുക്കില്‍ തീകുണ്ഡത്തിനരികെ ഇരിക്കുന്ന ഭരതം എന്ന സിനിമയിലെ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്ത് ലാല്‍ മണിയുടെ മരണം ഉണ്ടാക്കിയ വേദന പങ്കുവച്ചിരുന്നു.
Discussion about this post