ചെറിയൊരു ഇടവേളയ്ക്ക് ശേഷം വലിയ സംഘർഷാവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ് സിറിയ. കഴിഞ്ഞ രണ്ടു ദിവസമായി സിറിയയിൽ അതിക്രൂരമായ കൊലപാതകങ്ങളാണ് അരങ്ങേറുന്നത്. ഇവയെല്ലാം തന്നെ പ്രതികാരക്കൊലകളാണ് എന്നുള്ളതാണ് ഏറ്റവും നടുക്കുന്ന കാര്യം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. പേടിച്ചു വിറങ്ങലിച്ച് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പോലും ധൈര്യം ഇല്ലാതെയാണ് സിറിയയിലെ ഒരു വിഭാഗം ജനങ്ങൾ, പ്രത്യേകിച്ചും അലവൈറ്റുകൾ രണ്ടു ദിവസങ്ങളായി കഴിഞ്ഞുവരുന്നത്.
പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷാർ അസദിന്റെ അനുയായികളും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടൽ ആണ് സംഘർഷത്തിലേക്ക് നയിക്കപ്പെട്ടത്. തുടർന്ന് ബഷർ അസദിന്റെ അനുയായികൾക്ക് നേരെ വിമതസൈന്യം ആക്രമണം നടത്തുകയായിരുന്നു. 750 ലേറെ സാധാരണക്കാരാണ് വിവിധ ഇടങ്ങളിലായി പിടഞ്ഞു വീണ് മരിച്ചത്. സർക്കാർ സുരക്ഷാ സേനയിലെ 125 സൈനികരും കൊല്ലപ്പെട്ടു. ബഷാർ അസദുമായി ബന്ധമുള്ള സായുധ ഗ്രൂപ്പുകളിലെ 148 പേരും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു സിറിയൻ ഭരണാധികാരിയായിരുന്ന ബഷർ അൽ-അസദിന്റെ പതനം. വിമത സംഘടന ബഷർ അസദിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലേറിയുകയായിരുന്നു. വിമത സർക്കാർ അധികാരമേറ്റ് മൂന്നുമാസങ്ങൾ മാത്രം ആകുമ്പോഴാണ് ഇപ്പോൾ ബഷർ അസദിന്റെ അനുയായികൾക്ക് നേരെ ക്രൂരമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ലതാകിയ പ്രവിശ്യയിലാണ് വലിയ രീതിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ രണ്ടുദിവസമായി വൈദ്യുതിയോ കുടിവെള്ളമോ ഇല്ലാതെ നരകയാതനയിലാണ് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾ. സംഘർഷങ്ങൾ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ സർക്കാർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ജബ്ലെയ്ക്ക് സമീപം ഒരു പിടികിട്ടാപ്പുള്ളിയെ കസ്റ്റഡിയിലെടുക്കാൻ സുരക്ഷാ സേന ശ്രമിച്ചപ്പോൾ ബഷർ അസദ് അനുയായികൾ പതിയിരുന്ന് ആക്രമണം നടത്തിയതിലൂടെ ആണ് സംഘർഷാവസ്ഥയ്ക്ക് തുടക്കമായത്. സിറിയയിൽ അസദിനെ അട്ടിമറിക്കാൻ പ്രധാന കാരണമായ ഹയാത്ത് തഹ്‌രിർ അൽ-ഷാമിന് ഇപ്പോൾ നടക്കുന്ന ഈ സംഘർഷങ്ങൾ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സിറിയയിലെ ന്യൂനപക്ഷ വിഭാഗമായ അലവൈറ്റുകളെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങൾ നടക്കുന്നത് എന്നും സൂചനയുണ്ട്. സുന്നി മുസ്ലീം വിഭാഗം തങ്ങളെ വേട്ടയാടുകയാണ് എന്നാണ് അലവൈറ്റുകൾ പരാതിപ്പെടുന്നത്. ആളുകളെ കൊല്ലുന്നതിനുമുമ്പ് അവരുടെ മതവിഭാഗം സ്ഥിരീകരിക്കുന്നതിനായി അക്രമികൾ അവരുടെ ഐഡികൾ പരിശോധിച്ചിരുന്നതായി സമീപവാസികൾ വ്യക്തമാക്കുന്നുണ്ട്.
ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് ബനിയാസ് പട്ടണത്തിൽ ആണെന്നാണ് ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. തെരുവുകളിൽ മൃതദേഹങ്ങൾ ചിതറി കിടക്കുന്ന നിലയിലാണ് ഉള്ളത്. പ്രദേശത്ത് കാവൽ നിൽക്കുന്ന വിമത സൈന്യത്തിലെ തോക്കുധാരികൾ മൃതദേഹങ്ങൾ മാറ്റാൻ പോലും അനുവദിക്കുന്നില്ല എന്നാണ് അലവൈറ്റുകൾ വ്യക്തമാക്കുന്നത്. സിറിയയിൽ വിമത സർക്കാർ അധികാരത്തിൽ എത്തിയതോടെ ന്യൂനപക്ഷമായ അലവൈറ്റുകളിൽ വലിയൊരു വിഭാഗം റഷ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് അഭയാർത്ഥികളായി കൂടിയേറിയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബഷർ അസദ് സർക്കാർ പിന്തുണ നൽകിയിരുന്ന ന്യൂനപക്ഷമായ അലവൈറ്റുകളെ പുതിയ സർക്കാർ ആയ സുന്നി മുസ്ലിം വിഭാഗം ശത്രുക്കളായാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ബഷർ അസദ് അനുയായികളായ ഒരു സായുധ ഗ്രൂപ്പുമായി സംഘർഷം ഉണ്ടായപ്പോൾ അതിന്റെ പ്രതികാരമായി അലവൈറ്റുകളെ ആണ് വിമത സൈന്യം വേട്ടയാടുന്നത്.
അലവൈസത്തെ എന്ന വിശ്വാസ രീതി പിന്തുടരുന്ന ഒരു അറബ് വംശീയ മതവിഭാഗമാണ് അലവൈറ്റുകൾ. ഒൻപതാം നൂറ്റാണ്ടിൽ ആദ്യകാല ഷിയ വിവാഹത്തിൽ നിന്നും വേർപിരിഞ്ഞ് മറ്റൊരു പ്രത്യേക മതവിഭാഗമായി മാറിയവരാണ് ഇവർ. ഒൻപതാം നൂറ്റാണ്ടിൽ ഇബ്നു നുസൈർ ആണ് ഈ മതവിഭാഗം സ്ഥാപിച്ചത്. സിറിയൻ ജനസംഖ്യയിൽ 30 ലക്ഷത്തോളം പേരാണ് അലവൈറ്റുകൾ ആയി ഉള്ളത്. സിറിയ കൂടാതെ തുർക്കി, ലബനൻ എന്നിവിടങ്ങളിലും ചെറിയൊരു വിഭാഗം അലവൈറ്റുകൾ ഉണ്ട്. സിറിയയിലെ തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് കഴിയുന്ന അലവൈറ്റുകൾക്ക് ബഷർ അസദ് സർക്കാരിൽ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. നിരവധി സർക്കാർ മേഖലകളിലും സൈന്യത്തിലും ബഷർ അസദ് അലവൈറ്റുകൾക്ക് ജോലി നൽകിയതിൽ കടുത്ത അതൃപ്തിയായിരുന്നു സുന്നി മുസ്ലിം വിഭാഗത്തിന് ഉണ്ടായിരുന്നത്. അതിനാൽ തന്നെ സുന്നി വിഭാഗത്തിൽപ്പെട്ട വിമത സൈന്യം അധികാരം പിടിച്ചെടുത്തതോടെ വലിയ രീതിയിലുള്ള ആക്രമണങ്ങൾക്കാണ് സിറിയയിലെ അലവൈറ്റുകൾ ഇരയാവുന്നത്.
Discussion about this post