ഭൂമിയിലേക്കുള്ള സുനിത വില്യംസിന്റെ തിരിച്ചുവരവ് ഇനിയും വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ചു. ഇതേ തുടർന്നാണ് സുനിത വില്യംസിൻറെയും സംഘത്തിൻറെയും മടങ്ങിവരവ് നീളുന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:18നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. എന്നാൽ സാങ്കേതിക തകരാർമൂലം ദൗത്യം മാറ്റിവെയ്ക്കുകയായിരുന്നു.
ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്‌പേസ് എക്‌സിന്റെ തന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്‌നം കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്. അതേസമയം നാളെ രാവിലെ സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം നടക്കും. ഇന്ത്യൻ സമയം പുലർച്ചെ 4.56 നാണ് വിക്ഷേപണ സമയം.
സുനിത വില്യംസും സംഘവും 17ന് മടങ്ങിയെത്തും. ഇന്ത്യൻ സമയം 6.35 ന് സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെടും. ഒൻപതു മാസത്തോളമായി ബഹിരാകാശനിലയത്തിൽ തുടരുന്ന സുനിത വില്യംസിനെയും സംഘത്തെയും തിരികെയെത്തിക്കാൻ നാസയും ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സും ചേർന്നുള്ള ദൗത്യമാണ് ക്രൂ10.
സ്റ്റാർലൈൻ പേടകത്തിന്റെ തകരാറിനെ തുടർന്ന് 2024 ജൂൺ മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇരുവരെയും തിരികെ കൊണ്ടുവരാൻ മസ്‌ക് ട്രംപിന്റെ സഹായം തേടിയിരുന്നു. 10 ദിവസം മാത്രം നീണ്ടു നിൽക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു യാത്ര. എന്നാൽ, സാങ്കേതിക തകരാറുകൾ മൂലം ഇരുവരുടെയും യാത്ര മുടങ്ങുകയായിരുന്നു. അങ്ങനെ 9 മാസമായി ബഹിരാകാശത്ത് ഇരുവരും കുടുങ്ങി കിടക്കുകയാണ്. ഇപ്പോഴും തിരികെ എന്ന് ഭൂമിയിൽ എത്തും എന്നത് ചോദ്യമായി മാറുകയാണ്.
Discussion about this post