ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നാടാണ് ഭാരതം. എന്നാൽ ഈ ഉത്സവങ്ങളിൽ വെച്ച് ഭാരതീയർ ഏറ്റവും ഊർജ്ജസ്വലമായി ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഈ ആഘോഷത്തിന് പുറകിൽ ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെ ഒരു ചരിത്രം തന്നെയുണ്ട്. തിന്മയുടെ മുകളിലുള്ള നന്മയുടെ വിജയവും വസന്തകാലത്തിന്റെ ആഗമനവും എല്ലാം ഒത്തുചേർന്ന് ആഘോഷിക്കുന്ന ഹോളിയുടെ ഐതിഹ്യം എന്താണെന്നറിയാം.
ഭാരതത്തിൽ നാലാം നൂറ്റാണ്ട് മുതൽ ഹോളി വലിയ ഉത്സവമായി ആഘോഷിക്കപ്പെടുന്നതായാണ് ചരിത്രം പറയുന്നത്. തലേദിവസം ഹോളിക ദഹൻ, പിറ്റേദിവസം നിറങ്ങളുടെ ഉത്സവമായ ഹോളി എന്നീ രീതിയിലാണ് ഭാരതത്തിൽ ഹോളി ആഘോഷിച്ചു വരുന്നത്. പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി കഴിഞ്ഞാൽ ഭാരതീയർ ഏറ്റവും മികച്ച രീതിയിൽ ആഘോഷിക്കുന്ന ഉത്സവം കൂടിയാണ് ഹോളി. ഹൈന്ദവ കലണ്ടർ പ്രകാരം ഫാൽഗുന മാസത്തിലെ പൗർണമി ദിവസമാണ് ഹോളി ആഘോഷിക്കപ്പെടുന്നത്. രണ്ടുദിവസങ്ങളിലായാണ് ആഘോഷം നടക്കുന്നത്. ഹോളിയുടെ തലേദിവസം രാത്രി ആണ് പ്രധാന ആചാരമായ ഹോളികാ ദഹൻ നടക്കുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ പ്രതീകമായാണ് ഹോളിക ദഹനിനെ കണക്കാക്കുന്നത്. പൂർണ്ണചന്ദ്ര രാത്രിയിൽ വീടുകളിൽ ഹോളിക ദഹൻ ആചാരം നടത്തിക്കൊണ്ട് എല്ലാ നെഗറ്റീവ് എനർജികളിൽ നിന്നും മുക്തി നേടുകയും വീട്ടിലും കുടുംബത്തിലും സന്തോഷവും സമൃദ്ധിയും കൊണ്ടുവരുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.
അസുര രാജാവായ ഹിരണ്യകശിപുവിന്റെയും മകൻ പ്രഹ്ലാദന്റെയും ഐതിഹ്യ കഥയുമായി ബന്ധപ്പെട്ടാണ് ഹൈന്ദവർ ഹോളി ആഘോഷിക്കുന്നത്. ഹിരണ്യകശിപുവിന്റെ സഹോദരിയായ ഹോളിക എന്ന ദുഷ്ടശക്തിയെ പ്രഹ്ലാദൻ അഗ്നിയിൽ ചാമ്പലാക്കിയ ദിവസമാണ് ഹോളിക ദഹൻ ആയി ആഘോഷിക്കുന്നത്. തനിക്ക് ലഭിച്ച വരപ്രാപ്തിയിൽ അഹങ്കരിച്ചു നടന്നിരുന്ന ഹിരണ്യകശിപു തന്റെ പുത്രനായ പ്രഹ്ലാദൻ വിഷ്ണുഭക്തനായതിൽ വളരെയേറെ അസ്വസ്ഥനായിരുന്നു. ജനങ്ങൾ തന്നെ മാത്രമേ ആരാധിക്കാവൂ എന്ന ക്രൂര നിയമം അടിച്ചേൽപ്പിച്ച് ഏകാധിപതിയായി ഭരിച്ചിരുന്ന ഹിരണ്യ കശിപുവിന് മകന്റെ വിഷ്ണു ഭക്തി ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. എത്ര ശ്രമിച്ചിട്ടും പ്രഹ്ലാദൻ വിഷ്ണു ഭക്തി ഉപേക്ഷിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവനെ കൊല്ലാനായി ഹിരണ്യകശിപു തീരുമാനമെടുത്തു. പ്രഹ്ലാദനെ കൊല്ലാനായി നിരവധിതവണ ശ്രമിച്ചെങ്കിലും ഓരോ തവണയും ഭഗവാൻ വിഷ്ണു അവനെ സംരക്ഷിച്ചു. ഒടുവിൽ ഹിരണ്യകശിപു തന്റെ സഹോദരിയായ ഹോളികയുടെ സഹായം തേടി. അഗ്നിയിൽ വെന്തുരുകാതിരിക്കാൻ വരം ലഭിച്ചിട്ടുള്ള അസുര സ്ത്രീയായിരുന്നു ഹോളിക. ഈ ആത്മവിശ്വാസത്താൽ പ്രഹ്ലാദനെയും കൊണ്ട് ഹോളിക അഗ്നികുണ്ഡത്തിൽ പ്രവേശിച്ചു. എന്നാൽ ഇതിൽ കോപിതനായ ഭഗവാൻ വിഷ്ണു പ്രഹ്ലാദനെ രക്ഷിക്കുകയും ഹോളികയെ അഗ്നിയിൽ ചുട്ടെരിക്കുകയും ചെയ്തു. വിഷ്ണു ഭക്തനായ പ്രഹ്ലാദന്റെ ഐതിഹ്യത്തിലെ ഈ സംഭവമാണ് തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ പ്രതീകമായി എല്ലാ വർഷവും ഹോളികാ ദഹൻ ആയി ഹൈന്ദവർ ആചരിക്കുന്നത്. തുടർന്ന് ധർമ്മം പുനസ്ഥാപിക്കുന്നതിനായി ഭഗവാൻ വിഷ്ണു നരസിംഹാവതാരം സ്വീകരിച്ച് ഹിരണ്യകശിപുവിനെ വധിച്ചതിന്റെ ആഘോഷമായി ഹോളിയും ആഘോഷിക്കപ്പെടുന്നു.
ഫാൽഗുന പൗർണമി രാത്രിയിലെ ശുഭമുഹൂർത്തത്തിൽ പ്രത്യേകമായി തയ്യാറാക്കിയ വിറകും ചാണകവരളികളും ഉപയോഗിച്ച് അഗ്നികുണ്ഡം ഒരുക്കി വീടുകളിൽ ഹോളികാ ദഹൻ നടത്തുന്നു. തുടർന്ന് ലഭിക്കുന്ന ഭസ്മം ഉപയോഗിച്ച് വീടുകൾ അലങ്കരിക്കുകയും അടുത്ത ഒരു വർഷത്തേക്ക് തിലകമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഹൈന്ദവ വിശ്വാസ പ്രകാരം ഫാൽഗുന പൂർണിമ ദിനത്തിലാണ് കശ്യപ മുനിയുടെയും അനുസൂയയുടെയും പുത്രനായ ചന്ദ്ര ദേവൻ ജനിച്ചത്. അതിനാൽ ഈ ദിവസം ചന്ദ്രനെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ചന്ദ്രന് അർഘ്യം അർപ്പിക്കുന്നത് രോഗങ്ങൾ നശിപ്പിക്കുകയും പോസിറ്റീവ് എനർജി പകരുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഉത്തരേന്ത്യയിലെ ചില മേഖലകളിൽ ഹോളി മുതൽ വസന്ത പഞ്ചമി വരെയുള്ള ദിവസങ്ങൾ കൃഷ്ണനും രാധയ്ക്കും സമർപ്പിച്ച് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന പ്രണയത്തിന്റെ ഉത്സവമായും ആഘോഷിക്കാറുണ്ട്. ഇത്തരത്തിൽ വൈവിധ്യമാർന്ന ഭാരതീയ സംസ്കാരത്തിൽ നിറങ്ങളുടെ ഉത്സവമായും പ്രണയത്തിന്റെ ഉത്സവമായും വസന്തകാലത്തിനുള്ള വരവേൽപ്പായും ഹോളി ആഘോഷിക്കപ്പെടുന്നു.













Discussion about this post