ഗാംഗ്‌ടോക്ക്: ശത്രുക്കൾക്കെതിരെ സിക്കിം മലനിരകളിൽ നിർണായക നീക്കവുമായി സുരക്ഷാ സേന. മലനിരകളിൽ വെഹിക്കിൾ മൗണ്ടഡ് ഇൻഫൻട്രി മോർട്ടാർ സംവിധാനങ്ങൾ വിന്യസിച്ചു. അതിർത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിനും സൈനിക നീക്കങ്ങൾ ദ്രുതഗതിയിൽ ആക്കുന്നതിനും വേണ്ടിയാണ് വിഎംഐഎംഎസ് വിന്യസിച്ചത്.
ചിത്രങ്ങൾ സഹിതം കരസനേയാണ് ഈ വിവരം ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചത്. ഈ വർഷം അവസാനത്തോടെ മലനിരകളിൽ വിഎംഐഎംഎസിന്റെ വിന്യാസം പൂർത്തിയാക്കും. സങ്കീർണമായ പ്രദേശങ്ങളിൽ സൈനിക നീക്കങ്ങൾ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന പ്രതിരോധ സംവിധാനങ്ങളാണ് വിഎംഐഎംഎസ്.
ആർമോർഡ് ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വെഹിക്കിളിൽ 81 എംഎം കാനൻ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള പ്രത്യേക തരം വാഹന സംവിധാനമാണ് വിഎംഐഎംഎസ്. ഭാരതം തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ സംവിധാനം ആണ് ഇത്. ആത്മനിർഭർ ഭാരതിൽ ഉൾപ്പെടുത്തിയായിരുന്നു ഇവടുയെ നിർമ്മാണം. ഇന്ത്യയുടെ പ്രതിരോധ ആയുധ നിർമ്മാണത്തിലെ സുപ്രധാന നാഴികകല്ല് കൂടിയാണ് ഇതിന്റെ നിർമ്മാണ വിജയം.
വെല്ലുവിളി നിറഞ്ഞ മേഖലയിലൂടെയുള്ള യാത്രയ്ക്കും പരിശോധനയ്ക്കും വേണ്ടി സേനയ്ക്ക് വിഎംഐഎംഎസ് പ്രയോജനപ്പെടുത്താം. വിഎംഐഎംഎസിൽ ഘടിപ്പിച്ചിട്ടുള്ള അൽക്രാൻ എൽ മോർട്ടാർ സംവിധാനം ശത്രുക്കൾക്കെതിരെ പെട്ടെന്ന് വെടിയുതിർക്കാൻ ഇതിനെ സഹായിക്കുന്നു. 81 എംഎം മോർട്ടാർ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് വിഎംഐഎംഎസ് സംവിധാനത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു.
Discussion about this post