ഇസ്ലാമാബാദ്: പാകിസ്താനിൽ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണവുമായി ബലൂച് സ്വതന്ത്ര പോരാളികൾ. സംഭവത്തിൽ അഞ്ച് പാക് പട്ടാളക്കാർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ നോഷ്‌കിയിൽ രാവിലെയോടെയായിരുന്നു സംഭവം.
ചാവേർ സ്‌ഫോടനം ആയിരുന്നു ഉണ്ടായത് എന്നാണ് വിവരം. സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ സ്വതന്ത്ര പോരാളികൾ സ്‌ഫോടക വസ്തു നിറച്ച വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. എട്ട് ബസുകളിലായിട്ടായിരുന്നു പട്ടാളക്കാർ സഞ്ചരിച്ചിരുന്നത്. സ്‌ഫോടനത്തിൽ എല്ലാ വാഹനങ്ങളും പൂർണമായി നശിച്ചിട്ടുണ്ട്. ബലൂച് ലിബറേഷൻ ആർമിയുടെ ദി മജീദ് ബ്രിഗേഡ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്.
അതേസമയം ആക്രമണത്തിൽ 90 പേരെ കൊലപ്പെടുത്തിയെന്നാണ് ബലൂച് സ്വതന്ത്ര പോരാളികൾ അവകാശപ്പെടുന്നത്. രക്ഷൻ മില്ലിന് സമീപം ഏതാനും മണിക്കൂറുകൾക്ക് മുൻപ് നടന്ന ആക്രമണത്തിന്റെ ഉത്തരവാദികൾ തങ്ങളാണെന്ന് മജീദ് ബ്രിഗേഡ് വ്യക്തമാക്കി. എട്ട് ബസുകളിലായിട്ടായിരുന്നു പട്ടാളക്കാരുടെ സംഘം സഞ്ചരിച്ചിരുന്നത്. സ്‌ഫോടനത്തിൽ ഒരു ബസ് പൂർണമായും തകർന്നു.
സ്‌ഫോടനത്തിന് പിന്നാലെ മുഴുവൻ ബസുകളും തങ്ങളുടെ സംഘം വളഞ്ഞു. എല്ലാ സൈനികരെയും ഇല്ലാതാക്കി. 90 പാകിസ്താൻ പട്ടാളക്കാരെ വകവരുത്തിയെന്നും മജീദ് ബ്രിഗേഡ് വ്യക്തമാക്കി.
പാകിസ്താൻ ബലൂച് സ്വതന്ത്ര പോരാളികൾ തങ്ങളുടെ പ്രവർത്തനങ്ങൾ കടുപ്പിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജാഫർ എക്‌സ്പ്രസ് ഇവർ റാഞ്ചുകയും യാത്രികരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഖ്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോകുകയായിരുന്ന ട്രെയിൻ ആയിരുന്നു ഇവർ റാഞ്ചിയത്. വളരെ പാട് പെട്ടായിരുന്നു ഇവരുടെ പക്കൽ നിന്നും ബന്ദികളെ മോചിപ്പിച്ചത്.
Discussion about this post