ചെസ്റ്റ് നമ്പറിലെ അടുത്തയാളെയും പാകിസ്താൻ മണ്ണിലിട്ട് പുഷ്പം പോലെ തീർത്ത് അജ്ഞാതർ. ലഷ്‌കർ ത്വയ്ബക്കാരനായ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് അബു ഖത്തലാണ് ഏറ്റവുമൊടുവിൽ ഇപ്പോൾ വധിക്കപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഹാഫിസ് സയീദിന്റെ വലം കൈ ആയിരുന്നു ഇയാൾ. ഇന്നലെ രാത്രിയോടെ അജ്ഞാതർ ഭീകരസംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തി വെടിവച്ച് കൊല്ലുകയായിരുന്നു. . ഇന്ത്യൻ അന്വേഷണ ഏജൻസികൾ പിന്തുർന്നുവരികെയാണ് അബു ഖത്തൽ കൊല്ലപ്പെട്ട വാർത്ത പുറത്ത് വരുന്നത്.
പാകിസ്താനിൽ ഒളിവുജീവിതം ആസ്വദിച്ച് വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇയാൾ അജ്ഞാതരുടെ തോക്കിനിരയായത്.ജമ്മു കശ്മീരിൽ ഒന്നിലധികം ആക്രമണങ്ങളുടെ മാസ്റ്റർ മൈൻഡായിരുന്നു ഖത്തൽ. കശ്മീരിൽ ആക്രമണങ്ങൾ നടത്താനുള്ള ഉത്തരവാദിത്വം ഹാഫിസ് സയീദ്, ഖത്തലിനെ ഏൽപ്പിക്കുകയായിരുന്നു. ഇതിനായി ഖത്തിലിനെ ലഷ്‌കറിന്റെ ചീഫ് ഓപ്പറേഷൻ കമാൻഡറായി അവരോധിക്കുകയും ചെയ്തു.
കശ്മീരിലെ റാസി ജില്ലയിൽ ശിവഖോരി ക്ഷേത്രത്തിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ബസിന് നേരെ ജൂൺ ഒമ്പതിന് നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയതും ഖത്തലാണെന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നു. 2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തിൽ അബു ഖത്തലും ഉൾപ്പെട്ടിരുന്നു. അതിർത്തിഗ്രാമങ്ങളിൽ ഒളിച്ചുതാമസിച്ച് ഭീകരസംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായ ഖത്തർ, അലി,ഹബീബുള്ള,മുഹമ്മദ് ഖാസിം എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 2002-2003 കലഘട്ടത്തിലാണ് പാക് പൗരനായ ഇയാൾ ഇന്ത്യയിലേക്ക് കടന്നതും ഭീകരപ്രവർത്തനങ്ങൾ ആരംഭിച്ചതും.
കഴിഞ്ഞ കുറച്ച് നാളുകളായി പാകിസ്താനിൽ അജ്ഞാതരുടെ വിളയാട്ടമാണ്. ഇന്ത്യയുടെ ശത്രുക്കളായ നിരവധി ഭീകരർ പാകിസ്താനിൽ വച്ച് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാകിസ്താനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ യാദവിനെ പിടികൂടാൻ സഹായിച്ച മതപണ്ഡിതനും പാകിസ്താനിൽ അജ്ഞാതരുടെ വെടിയേറ്റ് കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടു. പാക് മണ്ണിൽ തുടരെ തുടരെ അജ്ഞാതരുടെ കൈകളാൽ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ കൊലപാതകങ്ങളിലെ പ്രതികളെ ഇതുവരെ പാക് പട്ടാളത്തിന് കണ്ടെത്താനായിട്ടില്ലെന്നതാണ് ശ്രദ്ധേയം. എതിർ ഗ്രൂപ്പുകളൊന്നും ഉത്തരവാദിത്വമേറ്റ് രംഗത്തെത്തിയിട്ടുമില്ല. സമീപകാലത്ത് കൊല്ലപ്പെട്ട ഭീകരരെല്ലാം ഇന്ത്യ തേടുന്നവരാണെന്നതും പ്രധാനപ്പെട്ട വസ്തുതയാണ്. ഈ കൊലപാതകങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐയെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. അജ്ഞാതർ മരണം വിതയ്ക്കാനാരംഭിച്ചതിന് പിന്നാലെ തങ്ങളുടെ സ്വന്തക്കാരായ ഭീകരരെ ഐഎസ്‌ഐ മാളങ്ങളിലൊളിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതോടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്നവരെ ഇല്ലാതാക്കാനുള്ള കിൽ ലിസ്റ്റ് ഇന്ത്യയ്ക്കും ഉണ്ടോ എന്ന ചർച്ച പ്രതിരോധ രംഗത്ത് ഉയരുകയാണ്. ഇന്ത്യയുടെ ശത്രുക്കളെ കൊലപ്പെടുത്തുന്ന അജ്ഞാതരുടെ ഈ കിൽ ലിസ്റ്റിൽ അടുത്തതാരാണെന്നാണ് ചർച്ച. കൊലപാതകങ്ങൾക്ക് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ആണെന്ന് പാകിസ്താൻ ഇടയ്ക്ക് ആരോപിക്കുകയും ചെയ്തിരുന്നു. എന്തായാലും ഡ്രോൺ മുഖേനെയോ,വിഷം മൂലമോ, വെടിയേറ്റോ ,കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണോ ഇനിയുമധികം മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റുകൾ ചത്തുവീണേക്കാമെന്നത് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
Discussion about this post