ന്യൂഡൽഹി : ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. നേരത്തെ ഏതാനും മാസങ്ങളായി ഫോറെക്സ് റിസർവ് താഴെ പോയതിനുശേഷമാണ് ഇപ്പോൾ വൻ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 15 ബില്യൺ ഡോളർ ആണ് ഒരാഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വർദ്ധിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഒരു ആഴ്ചയിലെ ഏറ്റവും വലിയ വർദ്ധനവാണ് ഫോറെക്സ് റിസർവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പുതിയ നേട്ടത്തോടെ ഇന്ത്യയുടെ മൊത്തം വിദേശനാണ്യ കരുതൽ ശേഖരം 653.966 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ ആഴ്ചയിൽ 1.781 ബില്യൺ യുഎസ് ഡോളറിന്റെ ഇടിവാണ് വിദേശനാണ്യ ശേഖരത്തിൽ ഉണ്ടായിരുന്നത്. 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ഇത്. എന്നാൽ ഒരാഴ്ചകൊണ്ട് ഫോറെക്സ് കടുത്ത കുതിച്ചുചാട്ടം നടത്തുകയായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിരക്കായ 704.89 ബില്യൺ ഡോളറിലെത്തിയിരുന്നു. എന്നാൽ പിന്നീടുള്ള മാസങ്ങളിൽ ഇത് ഗണ്യമായി കുറഞ്ഞുവന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന ഇടപെടലുകളാണ് വിദേശനാണ്യ കരുതൽ ശേഖരത്തിലെ ഇടിവിന് കാരണമായിരുന്നത്. പുതിയ വർദ്ധനവോടെ 11 മാസത്തേക്ക് ആവശ്യമായ ഇറക്കുമതി ചെലവിനുള്ള വിദേശനാണ്യ കരുതൽ ശേഖരം ഇന്ത്യയ്ക്ക് നിലവിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post